കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ പതിനഞ്ച് മണിക്കൂറിന് ശേഷം കരകയറ്റി; മയക്കുവെടി വയ്ക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: കോതമംഗലത്ത് കോട്ടപ്പടി പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു. പതിനഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ആനയെ കരയ്‌ക്കെത്തിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴിവെട്ടിയാണ് ആനയെ പുറത്തെത്തിച്ചത്. ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അതേസമയം ആനയെ മയക്കുവെടി വയ്ക്കാമെന്ന് ഉറപ്പ് നൽകിയിട്ട് വഞ്ചിച്ചു എന്ന ആരോപണവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. ആനയെ മടക്കുവെടിവച്ച് മലയാറ്റൂര്‍ റിസര്‍സിന്റെ ഭാഗമായുള്ള ഏതെങ്കിലും വനമേഖലയിലേക്ക് മാറ്റാമെന്നായിരുന്നു തീരുമാനം. ഡിഎഫ്ഒയും ചീഫ് വൈൽഡ് ലൈഫ് വാർഡനും പറഞ്ഞ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടിക്കൊമ്പൻ മുൻപും പലതവണ പ്രദേശത്ത് ജനവാസമേഖലയിൽ ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. കാട്ടാന വീണ കിണറ്റിൽ നിന്നാണ് സമീപത്തുള്ള നിരവധി കുടുംബങ്ങൾ കുടിവെള്ളം എടുക്കുന്നത്. കിണർ വൃത്തിയാക്കി പഴയരീതിയിലാക്കാനുള്ള നഷ്ടപരിഹാരം ഉടൻ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ അടുത്തുള്ള പൈനാപ്പിൾ തോട്ടത്തിലേക്കാണ് ആന ഓടിപ്പോയത്. കാട്ടിലേക്ക് ഏകദേശം മൂന്ന് കിലോമീറ്റര് ദൂരമുണ്ട്.

രക്ഷാദൗത്യത്തിന് മുന്നോടിയായി ആന കിണറ്റില്‍ വീണ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലാണ് 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെയാണ് പത്തു വയസ് പ്രായം തോന്നിക്കുന്ന കാട്ടാന കിണറ്റിൽ വീണത്. ദേഹത്ത് മുറിവുകൾ ഉള്ള ആനക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലന്നാണ് വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top