ഇടുക്കിയിൽ ചക്കക്കൊമ്പനും പടയപ്പയും വിലസുന്നു; പശുവിനെ ആക്രമിച്ച് നടുവൊടിച്ചു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്, വനം വകുപ്പിനെതിരെ ആരോപണം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വലയുകയാണ് ചിന്നക്കനാൽ ദേവികുളം മേഖലയിലെ ജനങ്ങൾ. ചക്കക്കൊമ്പനും പടയപ്പയും വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി ആക്രമണം തുടരുകയാണ്. ഇന്നലെ വൈകിട്ട് ചിന്നക്കനാൽ ഭാഗത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു.

സിങ്കകണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പൻ ആക്രമിച്ചത്. പശുവിന്റെ നടുവൊടിഞ്ഞിട്ടുണ്ട്. ആന വരുന്നത് കണ്ട് സരസമ്മ ഓടിയതിനാൽ ജീവൻ തിരിച്ചുകിട്ടി. രണ്ടു ദിവസം മുൻപാണ് സിങ്കകണ്ടത്ത് ചക്കക്കൊമ്പൻ വീട് ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. വീടിന്റെ ഭിത്തിക്കും മേൽക്കൂരക്കും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു.

അതേസമയം ദേവികുളത്ത് ജനവാസമേഖലയിൽ പടയപ്പ വീണ്ടും ഇറങ്ങി. ഇതുവരെ നാശം വിതച്ചിട്ടില്ല. ആർആർടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ദേവികുളം മിഡിൽ ഡിവിഷനിൽ ഇറങ്ങിയ പടയപ്പ ലയങ്ങളുടെ സമീപമുള്ള കൃഷിയിടങ്ങളിൽ വൻതോതിൽ നാശം വിതച്ചിരുന്നു. കാട്ടാന ആക്രമണം പതിവായതോടെ വൻ പ്രതിഷേധത്തിലാണ് പ്രദേശത്തെ ജനങ്ങൾ. പലതവണ പരാതി നൽകിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top