നവജാതശിശുവിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞ് കൊന്ന കേസിൽ അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ഡിജിപി

പ്രസവിച്ചയുടൻ ബഹുനില ഫ്ളാറ്റിൻ്റെ അഞ്ചാം നിലയിൽ നിന്നെറിഞ്ഞ ചോരക്കുഞ്ഞ് കൊല്ലപ്പെട്ട കേസിൽ നിലപാടു മാറ്റി പോലീസ്. എറണാകുളം പനമ്പിള്ളി നഗറിലെ അനുഷ്ക അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ നിന്ന് ഇക്കഴിഞ്ഞ മെയ് മൂന്നിന് രാവിലെയാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. കുട്ടിയുടെ അമ്മയാണ് എറിഞ്ഞതെന്ന് വ്യക്തമായെങ്കിലും ഇവരെ അതിജീവിത എന്നാണ് ഇതുവരെ പോലീസ് വിശേഷിപ്പിച്ചിരുന്നത്. അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് ഇപ്പോൾ കമ്മിഷനെ അറിയിച്ചിരിക്കുന്നത്.

പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിക്ക് മറുപടിയായി ബാലാവകാശ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുമണിക്കൂർ പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു എന്നാണ് ഡിജിപി പറയുന്നത്. സംഭവം നടന്ന അന്ന് തയ്യാറാക്കിയ എഫ്ഐആറിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെന്നും, പ്രതിയുടെ പേര് ഇല്ലാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും ഡിജിപി സമ്മതിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐജിയുമായ എസ്. ശ്യാംസുന്ദർ സംഭവദിവസം രാവിലെ 11 മണിക്ക് സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതിയെ അതിജീവിത എന്ന് വിശേഷിപ്പിച്ചത്. പീഡനത്തിന് ഇരയായാണ് പെൺകുട്ടി പ്രസവിച്ചത് എന്നായിരുന്നു പോലീസ് നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിയുമായി ബന്ധപ്പെട്ട ഒരു വാർത്തയും കൊടുക്കരുതെന്ന് പോലീസ് മാധ്യമങ്ങളെ കർശനമായി വിലക്കുകയും ചെയ്തിരുന്നു. ഈ നിലപാടാണ് ഇപ്പോൾ മാറ്റേണ്ടി വന്നിരിക്കുന്നത്. പെൺകുട്ടിയുടെ സുഹൃത്തായ ഒരാളെ കൂടി പിന്നീട് കേസിൽ പ്രതിചേർത്തിരുന്നു.

പ്രതിയെ ‘അതിജീവിത’ എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിശേഷിപ്പിച്ചത് ബാലാവകാശ കമ്മീഷൻ മുൻപാകെ നിഷേധിച്ചതായും പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ തെളിവുണ്ടെന്നും കമ്മിഷണർ മാധ്യമങ്ങളോട് സംസാരിച്ചതിൻ്റെ വീഡിയോ കമ്മിഷന് നൽകുമെന്നും ജോമോൻ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top