അന്ന് സിപിഎം പറഞ്ഞ ധാർമ്മികതാ വിഷയം ഇന്ന് ബാധകമല്ലേ… മകൾ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോ?

സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ബന്ധമില്ലെന്ന നിലപാട് സിപിഎം ആവർത്തിക്കുമ്പോൾ അഴിമതി സംബന്ധിച്ച് പാർട്ടി മുൻകാലങ്ങളിൽ മുന്നോട്ടുവച്ച നിലപാടുകളിൽ നിന്ന് പിന്നോക്കം പോകുകയാണെന്ന വിമർശനം ശക്തമാകുന്നു. കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾക്കൊപ്പം പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ള രണ്ട് കമ്പനികൾക്കും മുഖ്യമന്ത്രിയോ സര്‍ക്കാരോ ഒരു സഹായവും നല്‍കിയിട്ടില്ലെന്നും അതിനാൽ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല എന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു കഴിഞ്ഞു.
മാസപ്പടി കേസിൽ മകൾ വീണ പ്രതിയാക്കപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് രാഷ്ടീയമായും ധാർമ്മികമായും കനത്ത തിരിച്ചടിയാണ്. മധുരയിൽ പാർട്ടി കോൺഗ്രസ് പുരോഗമിക്കുമ്പോഴാണ് ഇടിത്തീപോലെ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തു വന്നത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാർട്ടി പറയുന്നുണ്ടെങ്കിലും പാർട്ടിയും മുഖ്യമന്ത്രിയും വല്ലാത്ത കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്.

ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്ത് റെയിൽവെ മന്ത്രിയായിരുന്ന പവൻ കുമാർ ബൻസലിൻ്റെ അനന്തവരനായ വിജയ് സിംഗ് റെയിൽവെ ബോർഡ് അംഗത്തിൽ നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പുറത്തു വന്നപ്പോൾ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്. “റെയിൽവെ മന്ത്രി ബൻസാലിന് ഈ അഴിമതി ഇടപാടിൽ നേരിട്ട് ബന്ധമില്ല. എന്നാൽ അദ്ദേഹത്തിൻ്റെ അടുത്ത ബന്ധു കൈക്കൂലി ഇടപാടിൽ പങ്കാളിയായ സാഹചര്യത്തിൽ മന്ത്രാലയത്തിൻ്റെ തലവൻ എന്ന നിലയിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റമെടുത്ത് സ്ഥാനം ഒഴിയണം” -ഇതായിരുന്നു പിണറായി വിജയൻ കൂടി അംഗമായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അന്ന് ആവശ്യപ്പെട്ടത്.
ബൻസാലിൻ്റെ ബന്ധു അകപ്പെട്ടതിനേക്കാൾ ഗുരുതരമായ കേസുകളിലാണ് പിണറായിയുടെ മകൾ വീണ വിജയൻ ഇപ്പോൾ അകപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ ധാർമ്മികതയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം, സ്വന്തം പാർട്ടി നേതാക്കൾക്കെതിരെ അഴിമതി ആരോപണങ്ങൾ വരുമ്പോൾ സംരക്ഷിക്കുകയാണ് പതിവ്. അധികാരത്തിന് പുറത്ത് നിൽക്കുമ്പോൾ പറയുന്ന ധാർമ്മിക നിലപാടുകൾ അധികാരത്തിലെത്തുമ്പോൾ പ്രാവർത്തികമാക്കുന്ന പതിവ് രാഷ്ടീയ പാർട്ടികൾ കാണിക്കാറില്ല എന്നതാണ് വർത്തമാനകാല യാഥാർത്ഥ്യം.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പേഴ്സണൽ സ്റ്റാഫംഗങ്ങളായ ജിക്കുമോൻ ജേക്കബും ടെന്നി ജോപ്പനും സോളാർ കേസിൽ പ്രതികളായി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവർ പ്രതിയായ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി രാജിവെച്ച് ഒഴിയണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍ കേസില്‍ ടി വീണ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക് കമ്പനിയും 2.7 കോടി രൂപ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇൻ്ററിം സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ തീര്‍പ്പിലും 1.72 കോടിരൂപ ഒരു സേവനം നല്‍കാതെ വീണയും അവരുടെ കമ്പനിയും സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റി എന്നായിരുന്നു കണ്ടെത്തൽ. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയത് അടക്കം സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തി എന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here