നടുക്കടലിൽ അകപ്പെട്ട സിപിഐ!! നിൽക്കണോ പോകണോ എന്ന അവസ്ഥയിൽ

സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സികെ ചന്ദ്രപ്പനുമായി ഡോ. അജയൻ കോടോത്ത് ‘മെയിൻ സ്ട്രീം’ വാരികയ്ക്കു വേണ്ടി നടത്തിയ അഭിമുഖത്തിൽ തന്‍റെ പാര്‍ട്ടി നേതൃത്വത്തിന് നൽകിയ ഒരു മുന്നറിയിപ്പുണ്ടായിരുന്നു. ‘സിപിഎമ്മിൻ്റെ ചെയ്തികൾ സിപിഐയെ ആപത്തിൽ ചാടിക്കും’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രവാചക തുല്യമായ മുന്നറിയിപ്പ്. ഈ അഭിമുഖം മാതൃഭൂമി പത്രത്തിലും പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു. ‘തെറ്റായ നയങ്ങൾ മൂലം സിപിഎം മുങ്ങാൻ പോവുന്നു, ഒപ്പം ഞങ്ങളും’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്. സമാന സ്ഥിതിയിലാണ് സിപിഐ ഇപ്പോൾ അകപ്പെട്ടിരിക്കുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ തൃശൂരിൽ സന്ദർശിച്ചതിനെതിരെ നടപടി വേണമെന്ന് സിപിഐ ഇടതു മുന്നണി യോഗത്തിലും പുറത്തും പലവട്ടം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അവരുടെ ആവശ്യങ്ങളെ പരിപൂർണമായി അവഗണിച്ച മട്ടാണ്. എഡിജിപിക്കെതിരെ ഒരു നടപടിയുമില്ലെന്ന് വെട്ടിത്തുറന്ന് പറയുകയും ചെയ്തു.

മുന്നണിയുടേയും കമ്യൂണിസ്റ്റ് പാർട്ടികളുടേയും പ്രഖ്യാപിത നിലപാടുകൾക്കെതിരായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ മുതിർന്ന നേതാവ് പ്രകാശ് ബാബു പാർട്ടി പത്രത്തിലും പുറത്തും ആവശ്യപ്പെട്ടത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ ആവശ്യത്തോട് മുഖ്യമന്ത്രി നിഷേധാത്മക സമീപനം തുടർന്നിട്ടും സിപിഐക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല.

എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദർശിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഐയുടെ ദേശീയ നേതാക്കൾ അടക്കം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് ഒട്ടും കുലുക്കമില്ല. വ്യക്തിത്വം നഷ്ടപ്പെടുത്തി സിപിഐക്ക് എത്രനാൾ മുന്നണിയിൽ തുടരാനാവുമെന്ന് അണികളും നേതാക്കളും ചോദിക്കുന്നുണ്ട്.

സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിയുമായി ചില അഡ്ജസ്റ്റുമെൻ്റുകൾ നടത്തിയതുകൊണ്ടാണ് തൃശൂർ പാർലമെൻറ് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ തോൽക്കാനിടയായതെന്ന് വിശ്വസിക്കുന്നവർ പാർട്ടിയിലുണ്ട്. പക്ഷേ അത് തുറന്ന് പറയാൻ സിപിഐ നേതാക്കൾക്ക് തൽക്കാലം ധൈര്യമില്ല. സിപിഎമ്മിനും ഇക്കാര്യം അറിയാം. അതു കൊണ്ട് തന്നെയാണ് സിപിഐ മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വിശ്വസിക്കുന്നത്.


തൃശൂർ പൂരം അലങ്കോലപ്പെട്ടതിൻ്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നതും സിപിഐയുടെ ആവശ്യമാണ്. ഇക്കാര്യത്തിൽ എംആർ അജിത് കുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തു വന്നതോടെ സിപിഐയുടെ ആവശ്യങ്ങൾ ഒട്ടും പരിഗണിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. പൂരം ‘കലക്കി’യതല്ല, ‘കലങ്ങി’ പോയതാണെന്നും യാതൊരു ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്നും അജിത് കുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെ സിപിഐ ഇനി എന്ത് പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു എങ്കിലും പാർട്ടിയുടെ ഔദ്യോഗിക നിലപാട് ഇനിയും പുറത്തു വന്നിട്ടില്ല. പൂരം അലമ്പാക്കിയതിൻ്റെ എല്ലാ ഉത്തരവാദിത്തവും തൃശൂർ കമ്മീഷണർ അങ്കിത് അശോകൻ്റെ തലയിൽ കെട്ടിവെച്ചതോടെ സിപിഐയുടെ എതിർപ്പുകൾ ചുരുട്ടി കെട്ടേണ്ടി വരും. അവഗണനകൾ സഹിച്ച് സിപിഐ മുന്നണിയിൽ തുടരുമോ എന്നാണ് ഉറ്റുനോക്കുന്നത്. മുന്നണി വിട്ടുവരണമെന്ന യുഡിഎഫിൻ്റെ ചൂണ്ടയിൽ സിപിഐ കൊത്തുമോ എന്ന് കണ്ടറിയണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top