ജോലി ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് പ്രേതബാധ!! നാരങ്ങ മുറിച്ച് ബാധ ഒഴിപ്പിക്കുമെന്ന് ബിജെപി എംപിയുടെ മുന്നറിയിപ്പ്

വികസനപ്രവർത്തനങ്ങളിൽ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥരുടെ ശരീരത്തിൽ പ്രേതം കയറിയിരിക്കുകയാണെന്ന വിചിത്ര പ്രസ്താവനയുമായി ഛത്തീസ്ഗഡിലെ ബിജെപി എംപി ഭോജ്‌രാദ് നാഗ്. ബാധ ഒഴിപ്പിക്കാനുള്ള ഒറ്റമൂലിയും അദ്ദേഹത്തിൻ്റെ പക്കലുണ്ട്. ഉദ്യോഗസ്ഥർ ശൈലി മാറ്റി, ബിജെപി സർക്കാരിന് അനുയോജ്യമായ പ്രകടനം നടത്തിയില്ലെങ്കിൽ നാരങ്ങ മുറിച്ച് പ്രേതങ്ങളെ ഒഴിപ്പിച്ച് അവരെ ശരിയാക്കുമെന്നാണ് കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ പറഞ്ഞത്.
തന്റെ മണ്ഡലമായ കാൻകറിലെ നിർമ്മാണ ജോലികളിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കാണ് ഈ മുന്നറിയിപ്പ് നൽകിയത്. തൻ്റെ മണ്ഡലത്തിൽ സർക്കാർ പദ്ധതികളും പ്രോജക്ടുകളും ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ എംപിയായിട്ട് അഞ്ചു മാസം ആയെന്നും ആറുമാസം പൂർത്തിയാകുമ്പോൾ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം ബിജെപി എംപിയുടെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പ്രേതങ്ങളെക്കുറിച്ചും ആത്മാക്കളെക്കുറിച്ചും സംസാരിച്ചുകൊണ്ട് ബിജെപി അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം ബിജെപി സർക്കാരിന് നഷ്മായി എന്നതിന് ബിജെപി എംപിയുടെ മുന്നറിയിപ്പിനേക്കാൾ മികച്ച സർട്ടിഫിക്കറ്റ് എന്താണെന്ന് കോൺഗ്രസ് വക്താവ് ധനഞ്ജയ് സിംഗ് താക്കൂർ ചോദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here