അപമാനിച്ചത് അമ്മയെ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും; അനിയനായിരുന്നെങ്കില്‍ മുരളീധരന് അടികൊടുക്കുമായിരുന്നു; പത്മജാ വേണുഗോപാല്‍

തിരുവനന്തപുരം : ബിജെപിയില്‍ അംഗത്വമെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പത്മജാ വേണു ഗോപാലിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം. അതിനു ശേഷം ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലും പത്മജയെത്തി. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ പ്രതികരിച്ചത്.

രാഹുല്‍ അപമാനിച്ചത് തന്റെ അമ്മയെയാണ്. കരുണാകരന്റെ മകളല്ലെന്ന് പറഞ്ഞാല്‍ അമ്മയെ അപമാനിക്കലാണ്. അതിനെതിരെ കേസ് കൊടുക്കും. ഇത് കോണ്‍ഗ്രസിന്റെ പുതിയ സംസ്‌കാരമാണ്. ടിവിയില്‍ ഇരുന്ന് നേതാവായ ആളാണ് രാഹുല്‍. രാഹുല്‍ ജയിലില്‍ എങ്ങനെയാണ് കഴിഞ്ഞത് എന്നതിനെക്കുറിച്ച് പലകാര്യങ്ങളും അറിയാം. അതൊന്നും പറയിപ്പിക്കരുത്. കെ.മുരളീധരന്‍ ഇന്ന് പറയുന്നതല്ല നാളെ പറയുക. പല പാര്‍ട്ടികള്‍ മാറിയവരുടെ അഭിപ്രായത്തിന് വില നല്‍കുന്നില്ല. അനിയനായിരുന്നെങ്കില്‍ മുരളീധരന് അടികൊടുക്കുമായിരുന്നുവെന്നും പത്മജ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് മറ്റാരോ ഇട്ടതാണ്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി.

രാഷ്ട്രീയം വ്യക്തിപരമാണ്. പരാക്രമം സ്ത്രീകളോടല്ല വേണ്ടതെന്നാണ് കോണ്‍ഗ്രസുകാരോട് പറയാനുളളത്. കെ.കരുണാകരനെയും പാര്‍ട്ടി വിട്ടപ്പോള്‍ ഇതുപോലെ ചീത്ത പറഞ്ഞിട്ടുണ്ട്. വഴിയില്‍ തടയുമെന്ന് ഭീഷണിപ്പെടുത്തേണ്ട. കരുണാകരന്റെ മകളെ അത് പറഞ്ഞൊന്നും ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും പത്മജ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവരെ കുറിച്ചുളള പരാതികള്‍ കോണ്‍ഗ്രസ് അവഗണിച്ചു. പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. അന്ന് തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതാണ്. അച്ഛന്റെ പേരില്‍ സ്മാരകം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് പിടിച്ചു നിര്‍ത്തിയത്. എന്നിട്ട് ഒരു കല്ല് പോലും വച്ചില്ല. കെപിസിസി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നിട്ടും ഒന്നും ഉണ്ടായില്ല. ഇനിയും സഹിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പാര്‍ട്ടി വിട്ടത്. മോദിയെ പോലൊരു ശക്തനായ നേതാവാണ് പാര്‍ട്ടികള്‍ക്കാവശ്യം. കോണ്‍ഗ്രസിനില്ലാത്തത് ഇങ്ങനെയൊരു നേതാവാണ്. ആരൊക്കെ മത്സരിച്ചാലും തൃശൂരില്‍ സുരേഷ് ഗോപി തന്നെ വിജയിക്കുമെന്നും പത്മജ വ്യക്തമാക്കി.

Logo
X
Top