സുരേഷ് ഗോപിയുടെ ‘മണിയൻ ചിറ്റപ്പ’ന് കൂട്ടായി ഗണേഷിന്റെ വിക്ടർ എത്തുമോ? ചർച്ചകൾ പുരോഗമിക്കുന്നു

മലയാള സിനിമ ഇതുവരെ കാണാത്ത കാഴ്ചയാണ് അരുണ്‍ ചന്തു സംവിധാനം ചെയ്ത ഗഗനചാരി എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം സമ്മാനിച്ചത്. 2043ലെ കേരളവും ഇന്ത്യയും പശ്ചാത്തലമാക്കി ഒരുക്കിയ ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രം ഇന്ത്യയ്ക്ക് പുറത്തും കയ്യടി നേടുന്നതിനിടെയാണ് ഗഗനചാരിയുടെ തുടര്‍ച്ചയായി മണിയന്‍ ചിറ്റപ്പന്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അരുണ്‍ ചന്തു-അജിത് വിനായക ടീം തന്നെയാണ് മണിയന്‍ ചിറ്റപ്പനും ഒരുക്കുന്നത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. അര കിറുക്കന്‍ എന്നു പറയുന്ന തരത്തിലൊരു ശാസ്ത്രജ്ഞനായാണ് സുരേഷ് ഗോപി എത്തുന്നത്. പോസ്റ്റ് അപ്പോകാലിപ്റ്റിക് കാലഘട്ടത്തില്‍ നടക്കുന്ന ഗഗനചാരിയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ വിക്ടറായി എത്തിയത് നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍ ആയിരുന്നു. മണിയന്‍ ചിറ്റപ്പന്‍ പ്രഖ്യാപിച്ചതു മുതല്‍ വിക്ടര്‍ എന്ന കഥാപാത്രം ഇതിലുണ്ടാകുമോ എന്ന ആകാംക്ഷയാണ് പ്രേക്ഷകര്‍ക്കും.

ഗണേഷ് കുമാര്‍ ഇക്കാലമത്രയും ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു വിക്ടര്‍. ഏലിയനുകളെ വേട്ടയാടുന്ന കഥാപാത്രമാണ് വിക്ടര്‍. അദ്ദേഹത്തിന്റെ സന്തതസഹചാരികളാണ് അലനും (ഗോകുല്‍ സുരേഷ്) വൈഭവും (അജു വര്‍ഗീസ്). ഇവര്‍ക്കരികിലേക്ക് നാടന്‍ ഗെറ്റപ്പില്‍ എത്തുന്ന അന്യഗ്രഹജീവിയാണ് അനാര്‍ക്കലി മരിക്കാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം. നേരത്തേ ഏലിയനുകളെ പിന്തുടര്‍ന്നു വേട്ടയാടിയിരുന്ന വിക്ടറിനെ കണ്ട് അദ്ദേഹത്തെക്കുറിച്ച് ഡോക്യുമെന്ററിയൊരുക്കുക എന്ന ഉദ്ദേശത്തോടെ ഒരു ടീം വിക്ടറിനടുത്തെത്തുകയാണ്.

ഗണേഷ് കുമാറിനെ അടുത്തറിഞ്ഞതിന് ശേഷം വിക്ടറായി മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ അരുണ്‍ ചന്തു അഭിമുഖത്തില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ രസകരമായ വശം ആളുകള്‍ കാണണമെന്നും മലയാള സിനിമ ഇനിയും അദ്ദേഹത്തെ ഉപയോഗപ്പെടുത്തണമെന്നും അരുണ്‍ പറഞ്ഞിരുന്നു. രൂപത്തിലും ഭാവത്തിലും ഗണേഷിനെ സംബന്ധിച്ചിടത്തോളം വിക്ടര്‍ പുതുമയായിരുന്നു.

ഗഗനചാരി കണ്ട് ആസ്വദിച്ച പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ച കഥാപാത്രമായിരുന്നു ഗണേഷിന്റെത്. അതുകൊണ്ടു തന്നെ മണിയന്‍ ചിറ്റപ്പനില്‍ ഗണേഷ് ഉണ്ടാകുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അത്രയേറെ കഥയോട് ചേര്‍ന്നു നില്‍ക്കുന്ന ഗണേഷിന്റെ വിക്ടര്‍ എന്ന കഥാപാത്രമില്ലാതെ ഒരു സ്പിന്‍ ഓഫ് ചിത്രം പ്രേക്ഷകര്‍ക്ക് രുചിക്കുമോ എന്ന് സംശയമാണ്. ഇതിനു പുറമെ സംസ്ഥാനത്തെ ഗതാഗതമന്ത്രി ആയിരിക്കെയാണ് ഗണേഷ് ഇത്രയും പ്രധാനപ്പെട്ടൊരു കഥാപാത്രായി സിനിമയില്‍ എത്തിയത്. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലും ഗണേഷിന്റെ സാന്നിദ്ധ്യമുണ്ടായാല്‍ അത് കൗതുകകരമാകും.

ഗഗനചാരിയില്‍ സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷായിരുന്നു ഗണേഷിനൊപ്പം. ഇരുവരും തമ്മിലുള്ള കോമ്പിനേഷനെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് റിലീസ് ദിവസം മുതല്‍ പുറത്തുവരുന്നത്. ഗണേഷും ഗോകുലും സെറ്റിലും വലിയ അടുപ്പമായിരുന്നുവെന്ന് സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ സുരേഷ് ഗോപി ചിത്രത്തില്‍ ഗണേഷും ഗോകുലും വരുമ്പോള്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മണിയന്‍ ചിറ്റപ്പന്‍ ഒരു സമ്പൂര്‍ണ എന്റര്‍ടെയ്നർ തന്നെയാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here