കാടിറങ്ങുന്ന വന്യജീവികളെ പേടിച്ച് ഇടത് സ്ഥാനാർത്ഥികൾ; തുടരുന്ന ആക്രമണങ്ങൾ തിരിച്ചടിക്കുമെന്ന പേടിയിൽ മുന്നണിയും; എല്ലാ കേസിലും ധനസഹായം ഉടനടി വിതരണം ചെയ്യാൻ ശ്രമം

പത്തനംതിട്ട: മനുഷ്യ-വന്യജീവി സംഘർഷം മുൻപെങ്ങുമില്ലാത്ത വിധം തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന് തലവേദനയായി വളരുന്നു. ആനയും കടുവയും കരടിയും കാട്ടുപോത്തും പന്നിയുമെല്ലാം ദിനംപ്രതി സംസ്ഥാനത്തിൻ്റെ ഓരോ പ്രദേശത്തും കാടിറങ്ങുകയാണ്. താരതമ്യേന വന്യജീവി ശല്യം കുറഞ്ഞ പത്തനംതിട്ട പ്രദേശത്താണ് കഴിഞ്ഞ ദിവസം ആനയിറങ്ങി മനുഷ്യനെ കൊന്നത്. മറ്റേത് പ്രശ്നവും പോലെ എളുപ്പത്തിലൊരു പരിഹാരമോ, താൽക്കാലിക ആശ്വാസം പോലുമോ ഉണ്ടാക്കാനാകാത്ത വിഷയവുമാണിത്. അതിനാൽ തിരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കെ സർക്കാർ തികഞ്ഞ വിഷമവൃത്തത്തിലാണ്. ദുരന്തം ഉണ്ടാകുന്നതിന് പിന്നാലെ തിടുക്കത്തിൽ സഹായധനം എത്തിച്ച് പ്രതിഷേധം തടയുക എന്നതിലാണ് തൽക്കാലം ശ്രദ്ധ. തുലാപ്പള്ളിയിൽ തിങ്കളാഴ്ച മരിച്ച ബിജുവിൻ്റെ ഭാര്യ ശാരീരിക അസ്വസ്ഥതകൾ കാരണം ചികിൽസ തേടിയ ആശുപത്രിയിൽ എത്തിയാണ് തഹസിൽദാർ തുക കൈമാറിയത്.

കർഷകനായ ബിജു മാത്യൂ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിന് പിന്നാലെ പത്തനംതിട്ടയിലെ സ്ഥനാർത്ഥി ആൻ്റോ ആൻ്റണിയുടെ നേതൃത്വത്തിൽ കണമല ഫോറസ്റ്റ് ഓഫീസിനു മുന്നിൽ വലിയ പ്രതിഷേധം നടന്നു. കർഷകരോഷം ഭയന്നാണ് അടിയന്തര സഹായത്തിന് സർക്കാർ സന്നദ്ധമായത്. അഞ്ചുലക്ഷം രൂപ മരണം നടന്ന തിങ്കളാഴ്ച തന്നെ കൊടുക്കുകയും, ബുധനാഴ്ച സംസ്കാരം നടക്കാനിരിക്കെ ബാക്കി അഞ്ച് ലക്ഷം ചൊവ്വ രാത്രി ആശുപത്രിയിലെത്തി ഭാര്യയെ ഏൽപിക്കുകയുമായിരുന്നു. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി വനം വകുപ്പില്‍ നല്‍കും. പിന്നീട് ഒഴിവ് വരുന്ന മുറയ്ക്ക് സ്ഥിരനിയമനത്തിന് പരിഗണിക്കുമെന്നും വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

34,875 വന്യജീവി ആക്രമണങ്ങളാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2023ൽ മാത്രം 187 പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്‍ വീതം വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു. ഈ വർഷം ഇതുവരെ മാത്രം 12 നിരപരാധികളായ മനുഷ്യരാണ് വന്യജീവികൾക്ക് ഇരകളായത്. എന്നിട്ടുപോലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ കാര്യമായ ഇടപെടലൊന്നും ഉണ്ടായിട്ടില്ല എന്നാണ് കർഷകരുടെ പരാതി. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം വനമായതിനാല്‍ മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങ ലെ വന്യജീവി സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കഴിയുന്നത് എന്നാണ് കണക്ക്. ഓരോവര്‍ഷം കഴിയുന്തോറും വന്യജീവി ആക്രമണം മൂലം കൊല്ലപ്പെട്ടുന്നവരുടെ എണ്ണം കൂടിവരുന്നതല്ലാതെ ഫലപ്രദമായ ഒരു പ്രതിരോധവും ഒരുക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. 10,091 പേര്‍ക്ക് കൃഷിനാശവും ഉണ്ടായെങ്കിലും പലർക്കും ഇനിയും സഹായധനം ലഭിച്ചിട്ടില്ല.

സംസ്ഥാനത്തെ 51 നിയമസഭാ നിയോജകമണ്ഡലങ്ങളിലെ 223 തദ്ദേശ സ്ഥാപനങ്ങൾ വനാർതിത്തിപങ്കിടുന്നുണ്ട്. ഇവിടങ്ങളിലെ ജനങ്ങൾ അത്യന്തം ഭീതിയിലും മരണഭയത്തിലുമാണ് കഴിഞ്ഞു കൂടുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ പാർലമെൻ്റ് മണ്ഡലങ്ങളിലെ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ 30 ലക്ഷം പേരാണ് ഭയത്തിലും ദുരിതത്തിലുമായി കഴിയുന്നത്. ഈ പ്രദേശങ്ങളിലെ വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാരിനും മുന്നണിക്കുമുണ്ട്.

2023-24ലെ വനംവകുപ്പിന്റെ പദ്ധതി ചെലവ് 38 ശതമാനം മാത്രമാണ്. വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ ബജറ്റില്‍ വകയിരുത്തിയ 30.85 കോടിയില്‍ ചെലവഴിച്ചത് 19.43 കോടി മാത്രമാണെന്ന് പ്ലാനിംഗ് ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. വന്യമൃഗങ്ങള്‍ മനുഷ്യനെ ഓടിച്ചിട്ട് കൊല്ലുമ്പോള്‍ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വകയിരുത്തിയ തുകയില്‍ 11.42 കോടിയാണ് വനംവകുപ്പ് പാഴാക്കിയത് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. വനംമന്ത്രിയുടെയും വകുപ്പിൻ്റെയും പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള പ്രോഗ്രസ് റിപ്പോർട്ട് കൂടിയാണ് പ്ലാനിംഗ് കമ്മീഷൻ നൽകുന്ന പദ്ധതി ചെലവ് റിപ്പോർട്ട്.

വന്യജീവി സങ്കേതങ്ങള്‍ മെച്ചപ്പെടുത്തുക, നിര്‍മ്മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ നവീകരിക്കുക, ദ്രുതകര്‍മ്മ സേനകള്‍ ശക്തിപ്പെടുത്തുക, പൊതുജനപങ്കാളിത്തം ഉറപ്പ് വരുത്തുക, മൃഗങ്ങളുടെ വരവിനെ/ആക്രമണത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുക, പൊതുജന സഹായത്തോട് കൂടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതി, ഭൂവിനിയോഗത്തെ സംബന്ധിച്ചും അനുയോജ്യമായ കൃഷിരീതികളെ സംബന്ധിച്ചും അവബോധ പരിപാടികള്‍ സംഘടിപ്പിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക, വനത്തിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കായാണ് സ്റ്റേറ്റ് പ്ലാനില്‍ 30.85 കോടി വകയിരുത്തിയിരുന്നത്. കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങാതിരിക്കാൻ തമിഴ്നാട് വനംവകുപ്പ് ഒരുപാട് പദ്ധതികൾ ഇതിനോടകം ആവിഷ്കരിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് കാടിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതികൾ അവിടെ നടപ്പാക്കിക്കഴിഞ്ഞു. ഇത്തരം യാതൊരു നടപടിയും കേരളത്തിൽ ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല.

വന്യജീവി സംരക്ഷണത്തിൻ്റെ പേരിൽ വനംവകുപ്പും കർഷകരെ പീഡിപ്പിക്കുന്നു എന്നതാണ് മറ്റൊരു ഗുരുതര ആരോപണം. ഇത്തരം പരാതികളിലൊന്നും ചെറുവിരലനക്കാൻ പോലും സർക്കാരിനോ വകുപ്പിനോ കഴിയുന്നില്ല. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ ഓടിച്ചുവിടാൻ ശ്രമിച്ചാൽ പോലും വനം വകുപ്പ് കേസെടുക്കുകയാണ്. ഇതിനെല്ലാം കേന്ദ്രത്തെ കുറ്റം പറഞ്ഞ് തടിതപ്പുകയാണ് വനം മന്ത്രിയും ഇടത് മുന്നണിയും എന്നാണ് കർഷകരുടെ ആക്ഷേപം. വനം വകുപ്പിൻ്റെ കെടുകാര്യസ്ഥത തിരഞ്ഞെടുപ്പിൽ സുനാമിയായി ഭവിക്കുമോ എന്ന ആശങ്കയിലാണ് മലയോര മേഖലകളിൽ മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top