ആണവനിലയം കേരളത്തിൽ വരുമോ? നയംമാറ്റത്തിന് കളമൊരുങ്ങണം; തയ്യാറെടുത്ത് സി.പി.എം.
‘നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന സംശയത്തിലാണ്’എന്നുള്ള സുപ്രസിദ്ധമായ സിനിമാ ഡയലോഗ് പോലെയാണ് കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുമോ എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍. എല്ലാ കാലത്തും ആണവ നിലയങ്ങളെ രാജ്യവ്യാപകമായി എതിര്‍ത്തു പോന്നിട്ടുള്ള സി.പി.എമ്മിന് ഈ പ്രഖ്യാപിത നയത്തില്‍ നിന്ന് ഉടനെ പിന്മാറാന്‍ ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആണവ നിലയങ്ങളോടു പാര്‍ട്ടിക്ക് എതിര്‍പ്പാണെന്ന് ഒരുവശത്ത് പറയുമ്പോഴും ഉദ്യോഗസ്ഥതലത്തില്‍ പിന്നാമ്പുറത്തു കൂടി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ആണവനിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകളും നൂലാമാലകളും സംബന്ധിച്ചു ചര്‍ച്ച നടക്കുകയാണ്. കാരണം മറ്റൊന്നുമല്ല, സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമം തന്നെ. ഒരു നയംമാറ്റത്തിനു കളമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയും സര്‍ക്കാരും എന്നാണു സൂചന.
രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനാകുമോ എന്ന് ആരാഞ്ഞു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിനു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങിനു കത്തയച്ചിരുന്നു. ഇക്കാര്യം ആദ്യം പുറത്തുകൊണ്ടുവന്നത് ‘മാധ്യമ സിന്‍ഡിക്കറ്റ്’ ആയിരുന്നു. കേരള തീരത്തു വലിയ തോതില്‍ തോറിയം നിക്ഷേപമുണ്ടെന്നും ഇത് ഉപയോഗിച്ചുള്ള വൈദ്യുത ഉല്‍പാദന സാധ്യത പഠിക്കണമെന്നും ആയിരുന്നു കത്തിലെ പ്രധാന ആവശ്യം. കത്ത് സഹിതമായിരുന്നു നവംബർ 18ന് ‘മാധ്യമ സിന്‍ഡിക്കറ്റ്’ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കത്തയച്ചതായി മന്ത്രി കൃഷ്ണന്‍കുട്ടി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
‘200 വര്‍ഷത്തേക്ക് ഇന്ത്യക്ക് മുഴുവന്‍ വൈദ്യുതി ഉപയോഗിക്കാനുള്ള തോറിയം കേരളത്തിന്റെ കൈവശമുണ്ട്. ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ചെലവ് വളരെ കുറവാണ്. ഇതു ഗ്രീന്‍ എനര്‍ജികൂടിയാണ്’-മന്ത്രി കൃഷ്ണന്‍കുട്ടിയെ ഉദ്ധരിച്ച് ഡിസംബറില്‍ 13ൻ്റെ ‘മാധ്യമ സിന്‍ഡിക്കറ്റ്’ വാർത്തയിൽ ഇങ്ങനെ പറഞ്ഞിരുന്നു. തോറിയം ഉപയോഗിച്ചു കല്‍പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതോല്‍പാദനം നടക്കുന്ന കാര്യം മന്ത്രി കൃഷ്ണന്‍കുട്ടിയുടെ കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേരളം പോലുള്ള സ്ഥലത്ത് തോറിയത്തിന്റെ ലഭ്യത വളരെ കൂടുതലായതുകൊണ്ട് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും കത്തില്‍ ഉണ്ടായിരുന്നു.
സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ മന്ത്രി കൃഷ്ണന്‍കുട്ടി കേന്ദ്രത്തിനു കത്തയയ്ക്കില്ല. എന്നാല്‍, ഇടതുമുന്നണിയോ സി.പി.എമ്മോ മന്ത്രിസഭയോ ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ല. ഇതുകൊണ്ടാണ് എല്ലാവരും മൌനം പാലിക്കുന്നത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ഉദ്യോഗസ്ഥ തലത്തില്‍ ഇതിനകം പലവട്ടം ചര്‍ച്ച നടന്നിട്ടുണ്ട്. ഇപ്പോഴും ചര്‍ച്ചകള്‍ സജീവവുമാണ്.
ALSO READ: കേരളത്തില്‍ ആണവനിലയം വന്നേക്കും; ബാര്‍ക്കുമായി വൈദ്യുതി ബോര്‍ഡിന്റെ ചര്‍ച്ച
രാജ്യത്തെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശമെന്ന് അറിയപ്പെടുന്ന കേരളത്തില്‍ തോറിയം ഉപയോഗിച്ചുള്ള വൈദ്യുത നിലയം എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. താരതമ്യേന ജനവാസം കുറഞ്ഞ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി, തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി എന്നിവിടങ്ങളില്‍ ഈ നിലയം സ്ഥാപിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്.
ജലവൈദ്യുത പദ്ധതികളില്‍ നിന്നു വൈദ്യുതി ഉല്‍പാദനം കൂട്ടാനുള്ള സാധ്യത ഏതാണ്ട് അടഞ്ഞ മട്ടാണ്. പുതിയ ജലവൈദ്യുത പ്രോജക്റ്റുകള്‍ ആരംഭിക്കാനുള്ള സാധ്യത തീരെയില്ല എന്നും പറയാം. അത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍ തോറിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനകേന്ദ്രം അല്ലാതെ മറ്റൊരു വഴിയില്ല എന്നാണ് കെ.എസ്.ഇ.ബിയിലെ ഉന്നതരും പറയുന്നത്.
എതിര്‍പ്പിന്റെ ചെങ്കൊടി
2008ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സി.പി.എമ്മും കാരണമായി ഉയര്‍ത്തിക്കാട്ടിയത് ഇന്തോ-അമേരിക്കന്‍ ആണവ കരാറിലെ വ്യവസ്ഥകളായിരുന്നു. സി.പി.എമ്മിന്റെ നിലപാട് പക്ഷെ ജനം ഉൾക്കൊണ്ടില്ലെന്ന് 2009ലെ യു.പി.എയുടെ മിന്നുംജയം തെളിയിക്കുകയും ചെയ്തു. പോളിറ്റ് ബ്യൂറോ അംഗമായിരുന്ന വി.എസ്.അച്യുതാനന്ദന്‍ കൂടംകുളം ആണവ നിലയത്തിനെതിരേ സമരം നടത്തുന്നവര്‍ക്കു പിന്തുണയുമായി തമിഴ്‌നാട് അതിര്‍ത്തി വരെ പോയതും വാര്‍ത്തയില്‍ ഇടംപിടിച്ചതാണ്.
2006ല്‍ വി.എസ്.അച്യുതാനന്ദന്‍ അധികാരത്തില്‍ വന്നപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ കല്‍ക്കരി ഉപയോഗിച്ച് താപനിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നിരുന്നു. പാര്‍ട്ടി പക്ഷേ ആ നീക്കത്തോടു യോജിച്ചില്ല.
നമ്പ്യാരും വി.എസും വിവാദങ്ങളും
1991-94ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രത്തിൽ പി.വി.നരസിംഹറാവു സര്‍ക്കാര്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളുടെ ചുവടുപിടിച്ചു കണ്ണൂരില്‍ പൊതു-സ്വകാര്യ സംയുക്ത മേഖലയില്‍ താപ വൈദ്യുത നിലയം സ്ഥാപിക്കാന്‍ പ്രശസ്ത ടെക്‌നോക്രാറ്റ് കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായി കണ്ണൂര്‍ പവര്‍ പ്രോജക്റ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ പ്രാഥമിക അനുമതി വരെ നേടിയ ആ സംരംഭത്തെ തകര്‍ത്തതു സി.പി.എമ്മും പ്രത്യേകിച്ച് വി.എസ്. അച്യുതാനന്ദനും ആയിരുന്നെന്നു കെ.പി.പി.നമ്പ്യാര്‍ ‘സഫലം കലാപഭരിതം’ എന്ന ആത്മകഥയില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വി.എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ഇടനിലക്കാരന്‍ വഴി പണം ആവശ്യപ്പെട്ടെന്നും മറ്റും ആത്മകഥയില്‍ എഴുതിയതു വന്‍ വിവാദമായി. നമ്പ്യാരുടെ വെളിപ്പെടുത്തലിനെതിരേ വി.എസ്. നേരിട്ടു രംഗത്തുവരികയും മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തിരുന്നു. 1999ല്‍ അധികാരത്തിലുണ്ടായിരുന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ, സംസ്ഥാന സര്‍ക്കാരിനു കണ്ണൂര്‍ പവര്‍ പ്രോജക്റ്റ് പദ്ധതിയില്‍ താല്‍പര്യമില്ലെന്നു കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. അതോടെയായിരുന്നു എന്‍ട്രോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്നു കണ്ണൂരില്‍ ആരംഭിക്കാനിരുന്ന താപവൈദ്യുത നിലയത്തിന്റെ കഥകഴിഞ്ഞത്.
നമ്പ്യാരും വി.എസും തമ്മില്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ പലവട്ടം ഏറ്റുമുട്ടലുണ്ടായി. ഇടനിലക്കാരനെന്ന് ആത്മകഥയില്‍ വിശേഷിക്കപ്പെട്ട ശൈലേശ്വരനും നമ്പ്യാര്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. കേസിലും വഴക്കിലും പെട്ട നമ്പ്യാര്‍ പിന്നീടുണ്ടായ 2006ല്‍ പുറത്തിറക്കിയ ആത്മകഥയുടെ രണ്ടാം പതിപ്പില്‍നിന്ന് വി.എസിന്റെ മകനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. ചില ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇതെന്നു പറയപ്പെടുന്നു.
വൈദ്യുതി പ്രതിസന്ധി രൂക്ഷം
അന്യായ വിലയ്ക്കാണ് കേരളം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. താപ-ആണവ നിലയങ്ങള്‍ സ്ഥാപിച്ചില്ലെങ്കില്‍ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്കു സംസ്ഥാനം കൂപ്പുകുത്തുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേരളം മാറിചിന്തിക്കേണ്ട കാലം അതിക്രമിച്ചു എന്നു പറയുമ്പോഴും സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി വേണം നയംമാറ്റാന്‍ എന്ന അഭിപ്രായവും സജീവമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here