റഷ്യയെ പിണക്കി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിക്കുമോ? പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
പാശ്ചാത്യ രാജ്യങ്ങൾക്കിടയില്‍ വലിയ ചർച്ചകള്‍ക്ക് വഴിമരുന്നിട്ടതായിരുന്നു ജൂലൈ മാസത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം. റഷ്യ-യുക്രെയ്ൻ സംഘര്‍ഷം കൊടുമ്പിരികൊണ്ട് നില്‍ക്കുമ്പോള്‍ മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ളാഡമിർ പുടിനും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ഇന്ത്യയുടെ റഷ്യൻ അനുകൂല നിഷ്പക്ഷതയെ തുറന്നു കാട്ടിയെന്ന വിമർശനം വരെ ഉയർന്നു. പ്രധാനമന്ത്രി പുടിനെ ആലിംഗനം ചെയ്തത് നിരാശജനകമാണെന്നും അത് സമാധന ശ്രമങ്ങൾക്കുള്ള വിനാശകരമായ തിരിച്ചടി ആണെന്നുമായിരുന്നു യുക്രെയ്ൻ പ്രസിഡൻ്റ് വോളോദിമർ സെലെൻസ്കി പ്രതികരിച്ചത്.
മോസ്കോയിൽ നിന്നും തിരിച്ചെത്തിയ ശേഷം ആഗസ്റ്റ് അവസാനത്തോടെ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കും എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. ഈ മാസം അവസാനത്തോടെ പോളണ്ടിലെത്തുന്ന പ്രധാനമന്ത്രി അതിന് ശേഷം യുക്രെയ്ൻ സന്ദർശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇന്ത്യയുടെ സമാധാന ശ്രമങ്ങൾക്ക് കരുത്ത് പകരുമെന്നും പറയുന്നു. ഇറ്റലിയിൽ നടന്ന ജി–7 ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡൻ്റ് മോദിയുമായി നടത്തിയ കൂടിക്കാഴ്ച ചൂണ്ടിക്കാട്ടിയാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.
ഇതോടെയാണ് ഇക്കാര്യത്തിൽ ആദ്യപ്രതികരണം വിദേശകാര്യ വകുപ്പിൽ നിന്ന് ഉണ്ടായിരിക്കുന്നത്. വൈകാതെ വാർത്താ സമ്മേളനം ഉണ്ടാകും, അതിൽ കാര്യങ്ങൾ വിശദീകരിക്കും എന്ന് മാത്രമാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞത്.
യുക്രെയ്ന് എതിരായ ആക്രമണത്തിൽ റഷ്യയെ പരസ്യമായി വിമർശിക്കാത്ത പ്രധാന രാജ്യമാണ് ഇന്ത്യ. ഈ നിലപാടിനെ റഷ്യൻ അനുകൂല നിശബ്ദതയായിട്ടാണ് ലോക രാജ്യങ്ങൾ കാണുന്നത്. 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിൻ്റെ തുടക്കം മുതൽ സംഘർഷം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി ഇരുപക്ഷങ്ങളുമായി ചർച്ചകൾ നടത്താൻ മുന്നിട്ടിറങ്ങുമെന്നും ഉള്ള തന്ത്രപരമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഇതുകൂടാതെ മോദിയുടെ റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയിരുന്നു. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി മോസ്കോയില്‍ വിമാനമിറങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here