പി.ശശിയെ ചേർത്തുപിടിച്ചും പി.വി.അൻവറിനെ തള്ളിയും മുഖ്യമന്ത്രി; ‘അന്യായം ആര് പറഞ്ഞാലും ചെയ്ത് കൊടുക്കാന്‍ ശശിക്കാവില്ല’

നിരവധി ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും ക്രമസമാധാന ചുമതലയുളള എഡിജിപി എംആർ അജിത് കുമാറിനേയും ചേർത്ത് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല. നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല. തന്നെ വഴിവിട്ട് സഹായിക്കാൻ അജിത് കുമാറിനല്ല ആർക്കും കഴിയില്ല. അങ്ങനെ സഞ്ചരിക്കുന്ന ഒരാളല്ല താനെന്നും പിണറായി പറഞ്ഞു.

എഡിജിപിക്ക് എതിരെ അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം അതിനനുസരിച്ച് ആയിരിക്കും തീരുമാനം. ആരോപണങ്ങളുടെ പേരിൽ ആരെയും മാറ്റാനാകില്ല. നടപടി വേണമോ വേണ്ടയോ എന്ന് ആരോപണ വിധേയൻ ആര് എന്നതിൻ്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കുന്നത്. ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടേയും തെളിവുകളുടെയും അടിസ്ഥാനമാക്കിയായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂരം അലങ്കോലമായ വിഷയത്തിൽ തെറ്റായ വിവരം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ ഡിവൈഎസ്പി എംഎസ് സന്തോഷിനെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൂരം കലക്കിയതുമായി ബന്ധപ്പട്ട അന്വേഷണം അഞ്ചുമാസം കഴിഞ്ഞിട്ടും പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാത്തതിലും മുഖ്യമന്ത്രി പ്രതികരിച്ചു. “നേരത്തേ തന്നെ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഒരാഴ്ച മുമ്പ് കുറച്ച് കൂടി സമയം വേണമെന്ന് പറഞ്ഞ് എന്റെ മുമ്പില്‍ ഒരു കടലാസ് വന്നു. ഈ മാസം 24ന് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് പറഞ്ഞ് ഉത്തരവിട്ടു. അതിനുമുമ്പ് കിട്ടുമെന്നാണ് തോന്നുന്നത്” – എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എഡിജിപി അജിത് കുമാറിനാണ് ഇതിന്‍റെ അന്വേഷണ ചുമതല

പി ശശിക്കും എഡിജിപിക്കും എതിരെ ആരോപണമുന്നയിച്ച പിവി അൻവറിനെയും രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. പൊതുപ്രവർത്തകർ ചെയ്യാൻ പാടില്ലാത്തതാണ് എംഎൽഎ ചെയ്തത്. പരാതി പറയേണ്ടിയിരുന്നത് മാധ്യമങ്ങളോട് ആയിരുന്നില്ല. പാർട്ടിയെയാണ് അദ്ദേഹം കാര്യങ്ങൾ ബോധിപ്പിക്കേണ്ടത്.
അൻവർ ഇടത് പാരമ്പര്യമുള്ള ആൾ അല്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ് എന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഇടത് എംഎൽഎയുടെ ആരോപണങ്ങളെ തള്ളി.

ആദ്യ ദിവസം വാർത്താ സമ്മേളനം നടത്തിയതിന് ശേഷം തന്നെ അൻവറുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴികളിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അൻവർ മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് തന്നെ വന്നു കണ്ടത് കണ്ടത്. അന്ന് അഞ്ച് മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ താനും അതിന് മ മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് തൊട്ടുമുമ്പും പിവി അൻവർ വാർത്താ സമ്മേളനം വിളിച്ച് പി ശശിക്കും എഡിജിപിക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി ശശിയാണ്. അദ്ദേഹത്തിന് ചില പ്രത്യേക അജണ്ടകളുണ്ട്. അത് പരിശോധിക്കണം. ശശി പാർട്ടിയെയും മുന്നണിയേയും പ്രതിസന്ധിയിലാക്കി എന്നായിരുന്നു നിലമ്പൂർ എംഎൽഎ ഇന്ന് പറഞ്ഞത്.

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് അജിത് കുമാറിനെതിരെ ഇന്ന് ഇടത് എംഎൽഎ ഉന്നയിച്ചത്. കൈക്കൂലി പണം ഉപയോഗിച്ച് കവടിയാറിൽ ഫ്ലാറ്റ് വാങ്ങി മറിച്ചുവിറ്റു. 33.8 ലക്ഷം രൂപക്ക് വാങ്ങിയത് 65 ലക്ഷം രൂപയ്ക്ക് വിറ്റു. ഇരട്ടിവിലയായി ലഭിച്ചത് സോളാർ കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലി പണമാണെന്നും അൻവർ ആരോപിച്ചു. ഫ്ലാറ്റ് റജിസ്ട്രേഷന്റെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം 4.7 ലക്ഷം രൂപയുടെ അഴിമതി നടന്നു. ഇത് അധികാര ദുർവിനിയോഗത്തിൻ്റെ പരിധിയിൽ വരുന്നതാണ്. വിജിലൻസ് അന്വേഷണം വേണമെന്നും അൻവർ ആവശ്യപ്പെട്ടു. ഷാജൻ സ്കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി.ശശിയും എഡിജിപിയും ചേർന്നാണെന്നും അദ്ദേഹം ഇന്ന് ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top