കേരള ബാങ്കിലെ പദവി വിടില്ലെന്ന് അബ്ദുല്‍ഹമീദ് എംഎല്‍എ; “യുഡിഎഫില്‍ ആലോചിച്ചാണോ എല്ലാവരും എല്ലാം ചെയ്യുന്നത്? പ്രതിഷേധം ഗൗരവമല്ല”

മലപ്പുറം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായി ലീഗ് നേതാവും എംഎല്‍എയുമായ പി.അബ്ദുല്‍ ഹമീദിനെ നോമിനേറ്റ് ചെയ്തതില്‍ യുഡിഎഫില്‍ അതൃപ്തി പുകയുന്നുണ്ട്. ലീഗും സിപിഎമ്മും കൂടുതലായി അടുക്കുന്നത് സംശയക്കണ്ണോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്. അതിനിടയിലാണ് അബ്ദുല്‍ ഹമീദിനെ കേരള ബാങ്കിലേക്ക് സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത്. മലപ്പുറത്തും ഈ നിയമനത്തില്‍ പ്രതിഷേധം ശക്തമാണ്. യുഡിഎഫ് ജില്ലാ ചെയർമാന്‍ പി.ടി.അജയ്‌മോഹന്‍ നിയമനത്തില്‍ എതിര്‍പ്പ് അറിയിപ്പ് രംഗത്ത് വന്നിട്ടുണ്ട്. അബ്ദുൾ ഹമീദിനെ യൂദാസെന്ന് ചിത്രീകരിച്ചാണ് ഇന്ന് മലപ്പുറത്ത് പോസ്റ്റർ പ്രചരിച്ചത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളയുകയാണ്.

എന്ത് പ്രതിഷേധം ഉയര്‍ന്നാലും കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് പി.അബ്ദുല്‍ ഹമീദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. യുഡിഎഫിലും ലീഗിലും എതിര്‍പ്പുണ്ട് എന്നതൊക്കെ പ്രചാരണം മാത്രമാണ്. നിയമനത്തെ ചൊല്ലി യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പ്രതികരിച്ചിട്ടുണ്ട്-അബ്ദുല്‍ഹമീദ് പറയുന്നു.

പാര്‍ട്ടി തീരുമാനപ്രകാരമാണ് ഈ ചുമതല ഏറ്റെടുത്തത്. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എന്നെ തിരഞ്ഞെടുത്തത് ഇത്ര വിവാദമാക്കേണ്ട കാര്യമെന്താണ്? ലീഗിന്റെ പ്രതിനിധിയെ മാത്രം നോമിനേറ്റ് ചെയ്തതാണോ പ്രശ്നം. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ കോണ്‍ഗ്രസ് പ്രതിനിധിയുണ്ട്.

കാഷ്യു കോര്‍പറേഷനിലും കാപക്സ് കോര്‍പറേഷനിലും കാഷ്യു ക്ഷേമനിധി ബോര്‍ഡിലും ആര്‍എസ്പി പ്രതിനിധികളുണ്ട്‌. ഇതെല്ലാം ഇടത് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം നടത്തിയതാണ്. ഏത് യുഡിഎഫില്‍ ആലോചിച്ചാണ് ഇവരെ എടുത്തത്? ഞാന്‍ രാജി വെക്കണമെങ്കില്‍ ഇവരെല്ലാം രാജി വെക്കണം. ഇടത് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത യുഡിഎഫ് നേതാക്കളുടെ എല്ലാ വിശദാംശങ്ങളും എടുത്ത് വെച്ചിട്ടുണ്ട്.

രാത്രിയുടെ മറവില്‍ ആര്‍ക്ക് വേണമെങ്കിലും പോസ്റ്റര്‍ ഇറക്കാം. എനിക്കെതിരായി വന്ന പോസ്റ്ററുകള്‍ രാത്രിയില്‍ ആരോ പതിച്ചതാണ്. എതിര്‍പ്പുകളെല്ലാം അസ്തമിക്കും. സോഷ്യല്‍ മീഡിയയിലാണ് ഇതെല്ലാം വരുന്നത്. ഇടത് സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമരങ്ങളെ ഈ നിയമനം ബാധിക്കില്ല. യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ വിമര്‍ശിച്ചിട്ടുണ്ട് എന്ന വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്.
യുഡിഎഫ് കണ്‍വീനറും കെപിസിസി അധ്യക്ഷനും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഇതിലപ്പുറമാണോ യുഡിഎഫ് ജില്ലാ കണ്‍വീനര്‍-അബ്ദുല്‍ഹമീദ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top