22 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്; 28ന് ചര്‍ച്ച വെച്ചിരിക്കെ കടുംവെട്ട് എന്തിനെന്ന് ഫിലിം ചേംബര്‍
കൊച്ചി: മലയാള സിനിമാരംഗം വന്‍ പ്രതിസന്ധിയിലേക്ക്. പുതിയ സിനിമകളുടെ തിയറ്റര്‍ റിലീസ് വ്യാഴാഴ്ച മുതല്‍ (ഫെബ്രുവരി 22 മുതല്‍) നിര്‍ത്തിവെക്കുമെന്നുള്ള തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ പൊടുന്നനെയുള്ള പ്രഖ്യാപനമാണ് സ്ഥിതി വഷളാക്കുന്നത്. പുതിയ സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കാവൂ, റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റിലീസിംഗ് നിര്‍ത്തിവെക്കാന്‍ ഫിയോകിന്റെ തീരുമാനം. ഫിയോക് പ്രസിഡന്റ് വിജയകുമാറാണ് തീരുമാനം അറിയിച്ചത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ബാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ്, നാദിര്‍ ഷാ സംവിധാനം ചെയ്യുന്ന ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി എന്നീ രണ്ട് സിനിമകള്‍ അടുത്തയാഴ്ച റിലീസിംഗിന് ഒരുങ്ങുകയാണ്. ഫിയോകിന്റെ തീരുമാനം ഈ സിനിമകളുടെ അണിയറ പ്രവര്‍ത്തകരെ വെട്ടിലാക്കിയിരിക്കുകയാണ്. പൊടുന്നനെയുള്ള തീരുമാനത്തില്‍ സിനിമാ സംഘടനകള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഫിയോക് കടുംവെട്ട് വെട്ടി എന്ന നിഗമനമാണ് സംഘടനകള്‍ പങ്ക് വെക്കുന്നത്.
നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫിലിം ചേംബറിന് (കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്) ഫിയോക് കത്ത് നല്‍കിയിരുന്നു. ഈ ആവശ്യം ഈ മാസം 28ന് ഫിലിം ചേംബര്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പൊടുന്നനെയുള്ള ഫിയോക് പ്രഖ്യാപനം വരുന്നത്.
“സിനിമാരംഗത്തെ ഏറ്റവും പ്രബല സംഘടനയാണ് ഫിയോക്. അവരുടെ തീരുമാനം വേദനാജനകമാണ്. നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയാണ് വേണ്ടത്-ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
മലയാളത്തില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും വിജയിക്കുന്ന സിനിമകളുടെ എണ്ണം വളരെ കുറവാണ്. സിനിമാ വ്യവസായത്തില്‍ നിക്ഷേപിക്കുന്ന കോടികള്‍ ഒഴുകിപ്പോകുന്ന അവസ്ഥയിലാണ്. മലയാള സിനിമാ നിര്‍മ്മാതാക്കളും, വിതരണക്കാരും തിയേറ്റര്‍ ഉടമകളും നഷ്ടത്തില്‍ തുടരുകയാണ്. ഈ നഷ്ടം കൂട്ടാന്‍ മാത്രമേ ഫിയോക് തീരുമാനം ഉപകരിക്കുകയുള്ളൂ എന്ന് സിനിമാരംഗത്തുള്ളവര്‍ തന്നെ വിരല്‍ ചൂണ്ടുന്നു.
200-ല്‍ അധികം സിനിമകള്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തപ്പോള്‍ 200 സിനിമകള്‍ക്ക് മുടക്കുമുതല്‍ നഷ്ടമായെന്ന് ഫിലിം ചേംബര്‍ വിലയിരുത്തുന്നു. കോടികളാണ് ഈ ഇനത്തില്‍ ഒഴുകിപ്പോയത്. സിനിമയിലെ പ്രതിസന്ധി തുടരുമ്പോഴാണ് ഇരുട്ടടി പോലെ പുതിയ സിനിമകളുടെ റിലീസ് നിര്‍ത്തിവെക്കാനുള്ള തിയറ്റര്‍ ഉടമകളുടെ തീരുമാനം വരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here