സിബിഐ കേസിൽ പ്രതിയായാലും സ്വയം സ്ഥാനങ്ങൾ ഒഴിയില്ലെന്ന് കെഎം എബ്രഹാം… തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് മഹാമനസ്കത !!

അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ അന്വേഷണം നേരിടാനൊരുങ്ങുന്ന മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാം വളഞ്ഞ വഴിയിൽ തൻ്റെ പ്രതിരോധം പുറത്തുവിട്ടു. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശമെന്ന പേരിലയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ്, നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എബ്രഹാം തൻ്റെ ന്യായീകരണം നിരത്തിയത്. സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെഎം എബ്രഹാം പറയുന്നു. കിഫ്ബിയുടെ തുടക്കകാലം മുതൽ സിഇഒയും ആണ് എബ്രഹാം.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ നടപടിയെ സധൈര്യം നേരിടുമെന്നും അപ്പീലിന് പോകുമെന്നും ഉള്ള സൂചന നൽകിയാണ് കെഎം എബ്രഹാം ജീവനക്കാർക്ക് ഇമെയിൽ അയച്ചിരിക്കുന്നത്. തനിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരൻ ജോമോൻ പുത്തൻപുരക്കൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. താൻ ധനവകുപ്പ് സെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയെന്നും അതിൻ്റെ ശത്രുത ജോമോന് തന്നോട് ഉണ്ടെന്നും ജീവനക്കാർക്കുള്ള വിശദീകരണത്തിൽ എബ്രഹാം പറയുന്നു.
തനിക്കെതിരെ അന്വേഷണം നടക്കുമ്പോൾ വിജിലൻസ് മേധാവിയായിരുന്ന മുൻ ഡിജിപി ജേക്കബ് തോമസിനെതിരെയും കെഎം എബ്രഹാം ആരോപണം ഉന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന മുൻ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയത് താൻ കണ്ടെത്തിയതാണ്. താൻ കിഫ്ബിയുടെ സിഇഒ സ്ഥാനം രാജിവെച്ചാൽ ഇവര്‍ക്ക് വിജയം സമ്മാനിക്കുന്ന സ്ഥിതിയുണ്ടാകും. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്. ഇത് ഹര്‍ജിക്കാരന് അനാവശ്യ വിശ്വാസ്യത നൽകുകയാണെന്നും എബ്രഹാം പരിതപിക്കുന്നു.
ഹൈക്കോടതി വിധിയുടെ വിശ്വാസ്യതയിലും മുൻ ചീഫ് സെക്രട്ടറി സംശയം ഉന്നയിക്കുന്നുണ്ട്. തൻ്റെ സ്വത്തിന്‍റെ കാര്യത്തിൽ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ടെന്ന് വിധിയെ വിമര്‍ശിച്ച് കെഎം എബ്രഹാം പറഞ്ഞു. വസ്തുതകളും രേഖകളും പരിശോധിക്കാതെ കോടതി അനുമാനങ്ങള്‍ക്ക് പ്രധാന്യം നൽകി. ഓരോ രൂപക്കും കണക്ക് സൂക്ഷിക്കുന്നുണ്ടെന്നും തൻ്റെ ഭാര്യയുടെ അക്കൗണ്ടിലെ രേഖകൾ പൂർണമായി പരിശോധിച്ചില്ലെന്നും വിമർശനം ഉന്നയിക്കുന്നു. കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണാപത്രം അനുസരിച്ചാണെന്നും ഹൈക്കോടതി വിധിക്ക് മറുപടിയായി കെഎം എബ്രഹാം തൻ്റെ ജീവനക്കാരോട് വിശദീകരിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here