ആരാകും ലോക്സഭാ പ്രതിപക്ഷ നേതാവ്? അച്ഛനും അമ്മയ്ക്കും ശേഷം രാഹുൽ പദവി ഏറ്റെടുക്കുമോയെന്ന് ആകാംക്ഷ

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക്സഭയിൽ ഒരു പ്രതിപക്ഷ നേതാവ് (Leader of Opposition) ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെയാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുന്നത്. കീഴ്വഴക്കം അനുസരിച്ച് 543 അംഗ സഭയിൽ 55 അംഗങ്ങളെങ്കിലും ഉള്ള കക്ഷിയുടെ നേതാവിനെയാണ് സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്നത്. എന്നാൽ ഇത്തരമൊരു നിയമമില്ലെന്നും വാദിക്കുന്നവരുണ്ട്.

ഇത്തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 99 അംഗങ്ങൾ ലോക്സഭയിൽ എത്തിയിട്ടുണ്ട്. ഇതിനും പുറമെ മൂന്ന് സ്വതന്ത്രരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കോൺഗ്രസ് വർക്കിംഗ് കമ്മറ്റി യോഗം ചേർന്ന് രാഹുൽ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളം ഉൾപ്പടെ പല സംസ്ഥാന ഘടകങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാഹുൽ ഈ സ്ഥാനം ഏറ്റെടുത്താൽ ലോക്സഭയുടെ ചരിത്രത്തിൽഅച്ഛനും അമ്മയ്ക്കും പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്ന മകൻ എന്ന പ്രത്യേകത ഈ സ്ഥാനലബ്ധിക്ക് ഉണ്ടാവും. 1989-90ൽ വിപി സിംഗ്‌ പ്രധാനമന്ത്രിയായ കാലത്ത് രാജീവ് ഗാന്ധിയായിരുന്നു പ്രതിപക്ഷ നേതാവ്. എബി വാജ്പേയ് പ്രധാനമന്ത്രി ആയപ്പോൾ 1999-2004 കാലത്ത് സോണിയ ഗാന്ധിയും പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഈ പദവി ഏറ്റെടുക്കണമെന്ന് ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് പാർലമെൻ്ററി സമ്പ്രദായ പ്രകാരം ലീഡർ ഓഫ് ഒപ്പോസിഷൻ നിഴൽ പ്രധാനമന്ത്രി (Shadow Prime Minister) എന്നാണ് അറിയപ്പെടുന്നത്. അതായത് ഏറ്റവും അടുത്ത സന്ദർഭത്തിൽ പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള വ്യക്തി എന്നാണ് കരുതപ്പെടുന്നത്. രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ കെസി വേണുഗോപാൽ, മനീഷ് തിവാരി, ഗൗരവ് ഗഗോയി, കുമാരി ഷെൽജ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലേക്ക് വരും.

1952ലാണ് ഒന്നാം ലോക്സഭ നിലവിൽ വന്നതെങ്കിലും 1969ലാണ് സ്പീക്കറും ലോക്സഭയും ഔദ്യോഗികമായി അംഗീകരിച്ച ആദ്യ പ്രതിപക്ഷനേതാവ് ഉണ്ടാകുന്നത്. 1969ൽ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് ബീഹാറിലെ ബക്സർ മണ്ഡലത്തിൽ നിന്നും ജയിച്ചുവന്ന സംഘടനാ കോൺഗ്രസ് നേതാവ് റാം സുഭാഗ് സിംഗ് ആയിരുന്നു ആദ്യ പ്രതിപക്ഷനേതാവ്. ഇതുവരെ 11 പേർ പ്രതിപക്ഷ നേതാവിൻ്റെ പദവി അലങ്കരിച്ചിട്ടുണ്ട്. മലയാളിയും ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് അംഗവുമായിരുന്ന സിഎം സ്റ്റീഫൻ 1978 ഏപ്രിൽ 12 മുതൽ 1979 ജൂലൈ 9 വരെ പ്രതിപക്ഷ നേതാവായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top