ആ സീനുകളെല്ലാം നീക്കും… നിങ്ങളുടെ സ്നേഹമാണെൻ്റെ ശക്തി, അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല !!

“ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.”

സൈബർ സ്പേസിലെ ആക്രമണം കൊണ്ട് ഒതുങ്ങുമെന്ന് കരുതിയ പ്രതിഷേധം മൂന്നുനാൾ പിന്നിട്ടപ്പോൾ ആർഎസ്എസ് തന്നെ ഏറ്റെടുക്കുന്ന സ്ഥിതിയാണ് ഇന്നലെ ഉണ്ടായത്. മാത്രവുമല്ല ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’ മോഹൻലാലിനെ പേരെടുത്ത് പരാമർശിച്ച് തന്നെ ലേഖനവും എഴുതിയത് വ്യക്തമായ സന്ദേശമായിരുന്നു. ഇതോടെയാണ് കാര്യമായ ഡാമേജ് കൺട്രോൾ വേണ്ടിവരുമെന്ന് ഉറപ്പായത്. പിന്നാലെയാണ് സിനിമ വീണ്ടും എഡിറ്റ് ചെയ്ത് വിവാദമുണ്ടാക്കിയ ഭാഗങ്ങൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയത്. ഇക്കാര്യം മോഹൻലാൽ തന്നെ അറിയിക്കേണ്ടി വരുന്നതും മറ്റു വഴിയില്ലാതെയാണ്.

പൃഥ്വിരാജിനെ ആർഎസ്എസിനും അണികൾക്കും പണ്ടേ വിശ്വാസമില്ല. മുൻകാല സംഘ വിരുദ്ധ ഇടപെടലുകൾ എണ്ണിപ്പറഞ്ഞായിരുന്നു ഓർഗനൈസർ ലേഖനം. ഇക്കാരണത്താലാണ് സംവിധായകനെങ്കിലും പൃഥ്വിരാജിനെ മാറ്റിനിർത്തി മോഹൻലാൽ രംഗത്തിറങ്ങേണ്ടി വരുന്നത്. “കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാനെൻ്റെ സിനിമാജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണെൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു… സ്നേഹപൂർവ്വം മോഹൻലാൽ” – ഇങ്ങനെ ആരാധകരോടുള്ള തൻ്റെ ബന്ധത്തിൻ്റെ ബലത്തിൽ പൃഥ്വിരാജ് അടക്കം എല്ലാവർക്കുമായി ജാമ്യമെടുക്കുകയാണ് ഫലത്തിൽ ലാൽ ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top