മുഖ്യമന്ത്രിക്ക് മറുപടി പറയുന്നില്ല; ഹൃദയപക്ഷമാണ് ഇടതുപക്ഷം; വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തിന് മറുപടി പറയുന്നില്ലെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വ്യക്തിപരമായ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല. തനിക്ക് പറയാനുളളത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അതിപ്പോഴും അവിടെ തന്നെയുണ്ട്. സര്‍ക്കാരിനെതിരെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇടതുപക്ഷത്ത് തന്നെ എന്നും ഉറച്ചു നില്‍ക്കും. ഹൃദയപക്ഷമാണ് ഇടതുപക്ഷം. അതില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ പരാജയത്തിന് പിന്നാലെയാണ് സര്‍ക്കാരിനേയും സിപിഎമ്മിനേയും വിമര്‍ശിച്ച് ഇടത് സഹയാത്രികനായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയാകും. തകര്‍ച്ചയ്ക്ക് കാരണം അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. ‘കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചിരുന്നു.

പുരോഹിതര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടെന്നായിരുന്നു കൂറിലോസിന്റെ പേര് പറയാതെയുള്ള മുഖ്യമന്ത്രിയുടെ മറുപടി. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top