റോബോട്ട് ടാക്‌സ് വരുമോ? മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ ഐടി മേഖലക്ക് ആകാംക്ഷ

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തയ്യാറാക്കുന്ന പണിപ്പുരയിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇത്തവണത്തെ ബജറ്റില്‍ ‘റോബോട്ട് ടാക്‌സ്’ ഏര്‍പ്പെടുത്തുമോ എന്നാണ് ഐടി വ്യവസായ ലോകവും സാമ്പത്തിക വിദഗ്ധരും ഉറ്റുനോക്കുന്നത്.

എന്താണ് റോബോട്ട് ടാക്‌സ് ?

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും യന്ത്രവല്‍ക്കരണം അതിവേഗം നടപ്പിലാക്കി വരികയാണ്. മനുഷ്യശേഷിക്ക് പകരം യന്ത്രവല്‍ക്കരണവും യന്ത്രമനുഷ്യനുമൊക്കെ തൊഴില്‍ മേഖല കൈയ്യടക്കുമ്പോള്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുന്നുണ്ട്. റോബോട്ടുകള്‍ മനുഷ്യരുടെ ജോലി ഇല്ലാതാക്കുമ്പോള്‍, അത് വ്യക്തികളുടെ വരുമാനം ഇല്ലാതാക്കുന്നു. അങ്ങനെയെങ്കില്‍, വ്യക്തികളില്‍ നിന്നുള്ള ആദായനികുതി സര്‍ക്കാരിന് നഷ്ടമായേക്കാം. ഈ സാധ്യത കണക്കിലെടുത്താണ് റോബോട്ടുകള്‍ക്കോ, റോബോട്ടുകളെ വിന്യസിക്കുന്നവര്‍ക്കോ നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

2017ല്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ആണ് ഈ നികുതി നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ലോകത്ത് ഇതുവരേയും ഒരു രാജ്യവും റോബോട്ട് ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടില്ല. ബജറ്റിന് മുന്നോടിയായി ധനമന്ത്രി വിളിച്ചു ചേര്‍ത്ത സാമ്പത്തിക വിദഗ്ധരുടെ യോഗത്തില്‍ പുതിയ നികുതി ഏര്‍പ്പെടുത്തുന്നത് ്‌സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും മലയാളിയുമായ ഗീത ഗോപിനാഥ് റോബോട്ട് നികുതി ഏര്‍പ്പെടുത്തണമെന്ന് ശക്തിയായി വാദിക്കുന്ന കൂട്ടത്തിലാണ്.

റോബോട്ടുകളെ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്തണമെന്ന അഭിപ്രായക്കാരനാണ് മൈക്രോസോഫ്റ്റിന്റെ ഉടമയായ ബില്‍ ഗേറ്റ്‌സും. റോബോട്ട് ടാക്സില്‍ നിന്നുള്ള വരുമാനം പ്രായമായവരുടെ ക്ഷേമം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യക്ഷേമ ചെലവുകള്‍ക്കായി ഉപയോഗിക്കണമെന്നാണ് ഗേറ്റ്‌സ് ആവശ്യപ്പെടുന്നത്. നിര്‍മ്മിത ബുദ്ധിയുടെ വ്യാപകമായ ഉപയോഗം മനുഷ്യരാശിക്ക് നല്ലതല്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈയടുത്ത കാലത്ത് പറഞ്ഞിരുന്നു.

നിര്‍മ്മിത ബുദ്ധി വ്യാപകമായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സാങ്കേതിക വിദഗ്ധരും സാമ്പത്തിക വിദഗ്ധരും ഒരുപോലെ ആശങ്കാകുലരാണ്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെക്കുന്ന സാമ്പത്തിക സര്‍വെ ( ഇക്കണോമിക് സര്‍വെ)യില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗ ക്ഷമതയെക്കുറിച്ച് കാര്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായേക്കാം.

യന്ത്രവല്‍കൃത സമൂഹത്തില്‍ ഇത്തരമൊരു നികുതി ഏര്‍പ്പെടുത്തിയാല്‍, കണ്ടുപിടിത്തങ്ങള്‍ക്കും നൂതനാശയങ്ങള്‍ക്കും തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഐടി മേഖലയിലെ നിക്ഷേപകരും സമാന അഭിപ്രായക്കാരാണ്. റോബോട്ട് നികുതി ചുമത്തുന്നത് ഒരു പുരോഗമന സമൂഹത്തിന് നല്ലതല്ല. പകരം, റോബോട്ടുകളുടെ വിന്യാസത്തില്‍ നിയന്ത്രണം ഉണ്ടാക്കണമെന്ന് വാദിക്കുന്നവരാണ് ഏറെയും. ഇത്തരം വിഷയങ്ങളിലൊന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുന്ന ഇന്ത്യയില്‍ അമിത യന്ത്രവല്‍ക്കരണം കടുത്ത പ്രതിഷേധം വിളിച്ചുവരുത്തുമെന്ന് ഉറപ്പാണ്. ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയതിന് കാരണം തന്നെ രൂക്ഷമായ തൊഴിലില്ലായ്മയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top