ഷഷ്ഠിപൂർത്തിക്ക് മുന്‍പ് മാണി ഗ്രൂപ്പ് പിളരുമോ; ജോസ്.കെ.മാണി എല്‍ഡിഎഎഫില്‍ ഇനി എത്ര കാലം; റോഷി അഗസ്റ്റിന്‍റെ നിലപാടും നിര്‍ണായകം

കോട്ടയം: 1964 ഒക്ടോബർ 9, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് തിങ്ങി നിറഞ്ഞ ആൾക്കൂട്ടം. വിറയാർന്ന ശബ്ദത്തിൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംസ്ഥാന പാർട്ടിയുടെ പ്രഖ്യാപനം നടത്തി. “ആർ.ശങ്കർ മന്ത്രിസഭയുടെ അഴിമതി നിറഞ്ഞ ദുർഭരണത്തിന് അറുതി വരുത്തിയ 15 യുവ എംഎൽഎമാരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എന്ന പേരിൽ ഒരു പുതിയ രാഷ്ടീയ പാർട്ടി രൂപമെടുത്തിരിക്കുന്ന വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നു” – മന്നത്ത് പത്മനാഭന്‍റെ അനുഗ്രഹത്തോടെ ആരംഭിച്ച പ്രസ്ഥാനത്തിന് ഈ വർഷം ഒക്ടോബർ 9 ബുധനാഴ്ച 60 വയസ് പൂർത്തിയാവും. ഒരുപാട് ഉയർച്ച താഴ്‌ചകൾക്ക് സാക്ഷ്യം വഹിച്ച കേരള കോൺഗ്രസ് ശോഷിച്ച് ശോഷിച്ച് ഒരു പരുവമായി നില്‍ക്കുകയാണ്. പല കഷണങ്ങളായി മാറി നിൽക്കുന്ന കേ-കോ ഗ്രൂപ്പുകളിൽ പ്രബലമെന്ന് കരുതുന്ന മാണി കേരള കോൺഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇടതുമുന്നണിയിൽ തുടരുമോ അതോ ഐക്യമുന്നണിയിലേക്ക് ചേക്കേറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കോൺഗ്രസിനെതിരെ രൂപം കൊണ്ട കേരള കോൺഗ്രസ് രൂപീകരിച്ചതിന്റെ പത്താം വർഷത്തിൽ കോൺഗ്രസിനൊപ്പം ഭരണത്തിൽ പങ്കാളികളുമായി. അധികാരത്തിനു വേണ്ടി മുന്നണി മാറുന്നത് ഒരു പാപമായി കേരള കോൺഗ്രസുകാർ കരുതുന്നില്ല.

ഇക്കഴിഞ്ഞ ദിവസം കോൺഗ്രസ് മുഖപത്രമായ വീക്ഷണം കേരള കോൺഗ്രസി(എം) നെ പരിഹസിച്ച് എഡിറ്റോറിയൽ എഴുതിയിരുന്നു. സിപിഎമ്മിന്‍റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചു വരുന്നതാണ് നല്ലതെന്ന ഉപദേശം കൊടുത്തതോടെയാണ് കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റ ചർച്ചകൾ വീണ്ടുംസജീവമായത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കടക്കടലിലാണ് ഇപ്പോൾ മാണി ഗ്രൂപ്പ് എന്നൊക്കെയുള്ള കടുത്ത പരിഹാസമാണ് വീക്ഷണം ചൊരിഞ്ഞത്.

1972 നവംബർ 10 മുതൽ പ്രാബല്യത്തിലുള്ള പാർട്ടി ഭരണഘടനയുടെ ആമുഖത്തിൽ കേരള കോൺഗ്രസിന്‍റെ ഉദ്ദേശത്തെക്കുറിച്ച് പ്രഖ്യാപനമിങ്ങനെയാണ്. “ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങളും വരുമാന മാർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് അധികാര വികേന്ദ്രീകരണവും ജനാധിപത്യവൽക്കരണവും യാഥാർത്ഥ്യമാക്കി സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും സുശക്തമായ കേന്ദ്രത്തോടൊപ്പം സംതൃപ്തമായ സംസ്ഥാനങ്ങൾ കെട്ടിപ്പെടുക്കുന്നതിനും ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പാക്കുന്നതിനും വേണ്ടി നിലകൊള്ളുന്നു.” മഹത്തായ ഉദ്ദേശലക്ഷ്യത്തോടെ ആരംഭിച്ച പാർട്ടി 60 വർഷത്തിനിടയിൽ വളർന്നും പിളർന്നും വ്യക്തി കേന്ദ്രീകൃത പാർട്ടികളായി ഇന്ന് കേരളത്തിലെ മൂന്ന് മുന്നണികളിലായി ഏഴു ചെറു (ഗ്രൂപ്പുകളായി) പാർട്ടികളായി നിലകൊള്ളുന്നു. കൃത്യമായ ആശയ അടിത്തറയോ, ആദർശഭാരമോ ഒന്നും ഇവരെ അലട്ടാറില്ല. അധികാരത്തിൽ പങ്കു പറ്റി നിൽക്കുക എന്ന പരമമായ ലക്ഷ്യത്തിലാണ് എല്ലാ ഗ്രൂപ്പുകാരും നിന്നുപോകുന്നത്.

കോൺഗ്രസിലെ 15 യുവ എംഎൽഎമാരുമായി രൂപീകരിച്ച കേരള കോൺഗ്രസിന് ഇന്ന് ഭരണകക്ഷിയിലും പ്രതിപക്ഷത്തുമായുള്ള ആറ് കേ-കോ ഗ്രൂപ്പുകളിലായി എട്ട് എംഎൽഎമാരുണ്ട്. ഈ എട്ട് പാർട്ടികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ളതും പ്രബലവുമായ പാർട്ടി കേരള കോൺഗ്രസ് മാണിയാണ്. നാല് നിയമസഭാ സാമാജികരും പാർലമെന്റിന്‍റെ ഇരു സഭകളിലുമായി ഓരോ എംപിമാരും മാണി ഗ്രൂപ്പിനുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാണി കോൺഗ്രസിനെ നയിക്കുന്ന ജോസ്.കെ.മാണിയും കൂട്ടരും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫ് വിട്ടു പോയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം മാണി ഗ്രൂപ്പ് കൂടി വന്നതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വൻ നേട്ടം കൊയ്യാൻ കഴിഞ്ഞു. പക്ഷേ, പാർട്ടി ചെയർമാൻ ജോസ്.കെ.മാണി കേരള കോൺഗ്രസിന്‍റെ വത്തിക്കാൻ എന്നറിയപ്പെട്ടിരുന്ന പാലായിൽ 15738 വോട്ടിന് മാണി.സി.കാപ്പനോട് പരാജയപ്പെട്ടു. 54 വർഷം പാലായിലെ എംഎൽഎ ആയിരുന്ന കെ.എം.മാണിയുടെ മകന് ആ സീറ്റ് നിലനിർത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി മാറി. കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ജോസ്.കെ.മാണിയുടെ സ്ഥാനാർത്ഥിയായ ജോസ് ടോമിന് കനത്ത പരാജയം നേരിടേണ്ടിവന്നു. തുടരെത്തുടരെ വന്ന രണ്ട് പരാജയങ്ങൾ ജോസിനെ വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. പാലായിൽ കാലുറപ്പിക്കാനാവാത്ത ജോസിന് എങ്ങനെ മുന്നണി സംവിധാനങ്ങളിൽ നിർണായക ശക്തിയായി മാറാനാവും എന്നതിൽ ഒരുപാട് സന്ദേഹങ്ങളുണ്ട്.

കേരള കോൺഗ്രസിന്‍റെ പാരമ്പര്യമനുസരിച്ച് മന്ത്രിസ്ഥാനവും അധികാരവുമുള്ള വ്യക്തിയും പാർട്ടിയിലെ രണ്ടാമനുമായി നിരന്തരം ഏറ്റുമുട്ടിയ ചരിത്രം കേരള കോൺഗ്രസിനുണ്ട്, പ്രത്യേകിച്ച് കെ.എം.മാണിക്ക്. പാർട്ടിയുടെ ആദ്യ ചെയർമാൻ കെ.എം.ജോർജുമായി തുടങ്ങിയ ഏറ്റുമുട്ടൽ ഏറ്റവുമൊടുവിൽ പി.സി. ജോർജ്, പി.ജെ.ജോസഫുമായി വരെ തുടർന്ന ചരിത്രവുമുണ്ട്. അതേ സ്ഥിതി ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റിനും ജോസ്.കെ.മാണിയും തമ്മിൽ സമീപഭാവിയിൽ ഉടലെടുക്കാനിടയുണ്ട്. കേരള കോൺഗ്രസുകളുടെ ഡിഎൻഎയിൽ അലിഞ്ഞു ചേർന്ന സ്വഭാവമാണ് വ്യക്തികൾ തമ്മിലെ സ്വരചേർച്ചയില്ലായ്മ. ആസന്നഭാവിയിൽ ജോസ്-റോഷി അടി പൊട്ടിപ്പുറപ്പെടാനുള്ള സകല സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ജൂലൈ ഒന്നിന് രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന ജോസ്.കെ.മാണിക്ക് ഒരു വട്ടം കൂടി അവസരം ഇടതുമുന്നണി നൽകുമോ എന്നത് നിര്‍ണായകമാകും. ജോസ്.കെ.മാണി മുന്നണി വിട്ടാലും മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥാനത്യാഗം നടത്തി ഇടതുമുന്നണി വിടാന്‍ ഒരു സാധ്യതയും നിലവിലില്ല. അതാണ്‌ കേരള കോണ്‍ഗ്രസുകളുടെ പാരമ്പര്യം. അധികം താമസിയാതെ മറ്റൊരു കേരള കോൺഗ്രസ് കൂടി കേരള രാഷ്ട്രീയത്തിൽ പിറക്കാനിടയുണ്ട് എന്നര്‍ത്ഥം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top