മത്സരിക്കാന്‍ നിര്‍മ്മലയിലും ജയശങ്കറിലും സമ്മര്‍ദ്ദം; ദക്ഷിണേന്ത്യയിലെ മോദിയുടെ മണ്ഡലത്തെക്കുറിച്ചും അഭ്യൂഹം; കേരളത്തില്‍ സീറ്റ് ഉറപ്പിച്ചത് മുരളീധരന്‍ മാത്രം; ബിജെപിയുടെ ആദ്യ പട്ടികയില്‍ ‘അത്ഭുതം’ വരുമോ

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇനിയും വ്യക്തതയില്ല. അവസാന നിമിഷം എന്തും സംഭവിക്കുമെന്നാണ് പലരുടേയും വിലയിരുത്തല്‍. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം മാത്രമാണ് ഉറച്ചത്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറും തൃശൂരില്‍ സുരേഷ് ഗോപിയും പ്രഥമ പരിഗണനയിലുണ്ട്. എങ്കിലും ആര്‍ക്കും ചിത്രം വ്യക്തമല്ല. കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമനും എസ് ജയശങ്കറും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരേയും തിരുവനന്തപുരത്തേക്ക് നേരത്തെ പരിഗണിച്ച പേരുകളാണ്. ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി മോദി മത്സരിക്കുമെന്ന സൂചന ശക്തമാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരമാണ് പറയുന്നത്. എന്നാല്‍ തൃശൂരിലും തിരുവനന്തപുരത്തും കന്യാകുമാരിയിലും മോദിയുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ട്. ബിജെപി കേന്ദ്ര പാര്‍ലമെന്ററീ പാര്‍ട്ടി യോഗം ഇതെല്ലാം ചര്‍ച്ച ചെയ്തു. അന്തിമ തീരുമാനം മോദിയുടേതാകും. ഈ സാഹചര്യത്തിലാണ് പട്ടിക വൈകുന്നത്.

തൃശൂരില്‍ സുരേഷ് ഗോപി പ്രചരണത്തിന് എത്തിക്കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സുരേഷ് ഗോപിയും ഉറപ്പിക്കുന്നില്ല. ആരു സ്ഥാനാര്‍ത്ഥിയായാലും തൃശൂരില്‍ പ്രചരണം നടത്താനാണ് സൂരേഷ് ഗോപിയുടെ നീക്കം. മോദി മത്സരിച്ചാലും പ്രചരണ ചുമതല സുരേഷ് ഗോപിക്കാകും. ഇതിന് സമാനമാണ് തിരുവനന്തപുരത്തും. മധുരയില്‍ നിര്‍മ്മലാ സീതാരാമന്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. എസ് ജയശങ്കറും തമിഴ്‌നാട്ടുകാരനാണ്. രണ്ടു പേരേയും തമിഴ്‌നാട്ടില്‍ മത്സരിപ്പിക്കാനാണ് ബിജെപി നീക്കമെന്നും സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ മോദിയും നിര്‍മ്മലയും ജയശങ്കറും അടക്കം തമിഴ്‌നാട്ടില്‍ ബിജെപിയുടെ വമ്പന്‍ സ്ഥാനാര്‍ത്ഥികളെത്തും. മത്സരിക്കുന്നതിനോട് കേന്ദ്ര ധനകാര്യമന്ത്രിയായ നിര്‍മ്മലയ്ക്ക് താല്‍പ്പര്യക്കുറവുണ്ട്. ഇതാണ് പട്ടിക അന്തിമമാക്കാന്‍ വൈകുന്നതിന് കാരണവും. ഏത് സമയത്തും പട്ടികയ്ക്ക് മോദി അംഗീകാരം നല്‍കും. അങ്ങനെ വന്നാല്‍ പട്ടികയിലുള്ളവര്‍ക്കെല്ലാം സ്ഥാനാര്‍ത്ഥികളാക്കേണ്ടി വരും. വാരാണസിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മോദി മത്സരിക്കുമോ എന്നതിലാണ് ഏറ്റവും വലിയ ആകാംക്ഷ.

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്ത മണ്ഡലങ്ങളാണ് ആദ്യ യോഗത്തില്‍ ബിജെപി പ്രധാനമായും പരിഗണിച്ചത്. ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണ് നീക്കം. പ്രകടനപത്രിക തയ്യാറാക്കാനായി ജനങ്ങളില്‍നിന്ന് അഭിപ്രായം തേടിക്കൊണ്ടുള്ള പ്രചാരണ പരിപാടികളും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ജയസാധ്യതയുള്ള ഈ മണ്ഡലങ്ങളില്‍ കരുത്തരെ നിര്‍ത്താനാണ് നീക്കം. ആദ്യപട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുടെ പേരുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ്, പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നാണു ബിജെപിയുടെ കണക്കുക്കൂട്ടല്‍.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ബിജെപിയെ സംബന്ധിച്ചു നിര്‍ണായകമാണ്. ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ഇതുവരെ അക്കൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാര്‍ഥികളെ അണിനിരത്താനാണു തീരുമാനം. ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളും നിര്‍ണ്ണായകമാണ്. തമിഴ്‌നാട്ടില്‍ ഇത്തവണ പരമാവധി സീറ്റ് നേടുകയാണ് ലക്ഷ്യം. മാര്‍ച്ച് 10നു മുമ്പായി 50% സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top