ചികിത്സക്ക് വഴങ്ങിയാൽ ഷൈൻ ടോമിന് ലഹരിക്കേസിൽ നിന്നൂരാം!! NDPS വകുപ്പിലെ പഴുത് ഇങ്ങനെ…

മലയാള സിനിമയിലെ തിളക്കമുള്ള യുവതാരങ്ങളിൽ പലരും ലഹരിക്ക് അടിമകളായിക്കഴിഞ്ഞു എന്ന കാര്യം ആരെല്ലാം നിഷേധിച്ചാലും സിനിമയിലെ പ്രമുഖർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അവരാരും ഒരുവിധത്തിലും ഇവരെ തിരുത്താൻ ശ്രമിക്കുകയോ, അതിന് കഴിയുന്നില്ലെങ്കിൽ അവരെ മാറ്റിനിർത്തുകയോ ചെയ്തിട്ടില്ല. പകരം സ്വന്തം ചിത്രങ്ങളിൽ വേണ്ടുവോളം അവസരങ്ങൾ നൽകി ചേർത്തുനിർത്തി. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ടു വളർന്നയാളുകളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ.

സിനിമയിൽ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമ്പോഴും പുറത്ത് പൊതുവേദികളിലെയും ചാനലുകളിലെയും പ്രകടനം കൊണ്ട് സാധാരണക്കാരുടെ മനസിൽ അറുവഷളൻ ഇമേജ് വളരെ വേഗത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞയാളാണ് ഷൈൻ. ഇത് ലഹരി കാരണമാണെന്ന് പലരും പലപ്പോഴും സംശയം പറഞ്ഞെങ്കിലും സിനിമയിൽ അയാൾക്ക് കിട്ടുന്ന സ്വീകാര്യത കൊണ്ട് അതിനെ ഒരുപരിധി വരെ മറികടക്കാൻ കഴിഞ്ഞു. പോലീസെടുത്ത പുതിയ കേസോടെ ഇക്കാര്യത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

രാസലഹരി അടക്കം താൻ ഉപയോഗിക്കാറുണ്ട് എന്നും ആസക്തി മാറ്റാൻ വീട്ടുകാർ ഇടപെട്ട് ലഹരിവിമോചന കേന്ദ്രത്തിൽ എത്തിച്ചിരുന്നു എന്നും നടൻ നൽകിയ മൊഴി പുറത്തായതോടെ ഇതുവരെ അയാളെ പിന്തുണച്ചവർക്കും പഴയതുപോലെ കാര്യങ്ങൾ എളുപ്പമാകില്ല. ഈ സാഹചര്യത്തിലാണ് ചികിത്സക്ക് വിധേയനായി ‘നല്ല പിള്ള’യാകുക എന്ന മാർഗം ഷൈനിന് മുന്നിൽ വരുന്നത്. ഇമേജിന് മാത്രമല്ല, ആത്മാർത്ഥമായി സഹകരിച്ചാൽ കേസിൽ നിന്ന് ഒഴിവാകാനും ഇത് ഉപകരിക്കും എന്നതാണ് വാസ്തവം.

എൻഡിപിഎസ് ആക്ട് (Narcotic Drugs and Psycotropic Substance Act) സെക്ഷൻ 27A പ്രകാരമുള്ള (ലഹരി ഉപയോഗിച്ചുവെന്ന കുറ്റം മാത്രം) കേസിൽ പ്രതിയാകുന്ന ഒരാൾക്ക് ലഹരിയുടെ ആസക്തിയിൽ നിന്ന് ഒഴിവാകണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെന്ന് അറിയിച്ചാൽ, അന്വേഷണ സംഘം തന്നെ ചികിത്സക്ക് റഫർ ചെയ്യും. ഇതോടെ നിയമനടപടി ഒഴിവാക്കി നിർത്തും. എൻഡിപിഎസ് സെക്ഷൻ 64A പ്രകാരമാണ് ഈ പരിരക്ഷ നൽകുന്നത്. ചെറിയ അളവിൽ ലഹരി ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇത് ബാധകമാകുക.

പോലീസോ എക്സൈസോ പ്രതിയാക്കിയ ഒരാൾ ചികിത്സക്കുള്ള താൽപര്യം കോടതിയിൽ അറിയിച്ചാൽ എൻഡിപിഎസ് സെക്ഷൻ 39 പ്രകാരവും ഈ ആനുകൂല്യം നേടാം. അതേസമയം ചികിത്സ പൂർത്തിയാക്കാതെ പോകുകയോ, ചികിത്സ പൂർത്തിയാക്കിയ ശേഷം വീണ്ടും സമാന കുറ്റത്തിന് പിടിക്കപ്പെടുകയോ ചെയ്താൽ വീണ്ടും നിയമനടപടി നേരിടേണ്ടിവരും. ചികിത്സാ താൽപര്യം അറിയിച്ച് കേസ് നടപടി ഒഴിവാക്കിയെടുത്ത പഴയ കേസിലെല്ലാം വീണ്ടും പ്രതിയായി നടപടി നേരിടേണ്ടിവരും.

അതേസമയം ഷൈൻ ടോം ചാക്കോ പുതുതായി പ്രതിയായ കേസിൽ ലഹരി ഉപയോഗത്തിനുള്ള കുറ്റത്തിന് (സെക്ഷൻ 27A) പുറമെ ലഹരിക്കായി ഗൂഡാലോചന നടത്തിയെന്ന (സെക്ഷൻ 29A) കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. സെക്ഷൻ 64A പ്രകാരമുള്ള ഇളവിന് ഇത് തടസമാണ്. എന്നാൽ ഈ കേസിൽ ഷൈനിനെതിരെ ഗൂഡാലോചനാ കുറ്റം നിലനിൽക്കാൻ ഒരു സാധ്യതയുമില്ല എന്നത് കോടതിയെ ബോധ്യപ്പെടുത്തി, ചികിത്സക്കുള്ള താൽപര്യം അറിയിച്ച് ഇളവ് നേടിയെടുക്കാൻ ശ്രമിക്കാവുന്നതാണ്.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുകേസിലും പ്രതിയാകാൻ സാധ്യതയുള്ളത് കണക്കിലെടുത്താൽ, ഇതാണ് ഷൈനിന് മുന്നിലുള്ള സുരക്ഷിതമായ പോംവഴി. ആ കേസിലും ലഹരി ഉപയോഗിച്ചു എന്ന കുറ്റമാണ് വരാൻ സാധ്യത. അതിലും സെക്ഷൻ 64Aയുടെ പരിരക്ഷ ഉപയോഗിച്ച് ചികിത്സക്ക് വഴങ്ങി ഇളവുനേടാൻ കഴിയും. പ്രത്യേകിച്ച് ഷൈനിന് ചികിത്സ നൽകാൻ വീട്ടുകാർ ശ്രമം തുടങ്ങിയ സാഹചര്യത്തിൽ. അതേസമയം വീണ്ടും കേസിൽപെടാതിരിക്കാൻ തികഞ്ഞ ജാഗ്രത ആവശ്യമാണ് താനും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top