ജെഡിഎസ് എന്‍ഡിഎയ്‌ക്കൊപ്പം; കെ.കൃഷ്ണന്‍കുട്ടിയേയും മാത്യു ടി തോമസിനേയും ക്ഷണിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലും ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം തുടരും എന്ന് പറയുന്നത് തട്ടിപ്പാണ്. കേരളത്തില്‍ മാത്രം സ്വതന്ത്രമായി നില്‍ക്കാന്‍ ജെഡിഎസിന് കഴിയില്ല. ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന ഘടകത്തിനും ബാധകമാണ്. ജെഡിഎസ് എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും എന്‍ഡിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ഇതിന് തയാറല്ലെങ്കില്‍ ഇരുവരും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല റാലിയെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. മുസ്ലീംലീഗ് റാലി ‘ഇന്‍ഡ്യ’ മുന്നണിയുടെ നിലപാടിനെതിരെയാണ്. ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍. ശശി തരൂര്‍ ഉള്‍പ്പെടെ ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ്. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും മാറി മാറി വര്‍ഗീയ പ്രീണനം നടത്തുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കും. ഒരുലക്ഷം പേരെ സമരത്തില്‍ അണിനിരത്തും. സമരം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top