സിസോദിയക്കും സഞ്ജയ് സിംഗിനും പുറകെ കേജ്‌രിവാളും; പ്രധാനികളെല്ലാം ജയിലഴിക്കുള്ളിൽ; നയിക്കാൻ ആളില്ലാതെ ആം ആദ്മി ഇനി എന്തുചെയ്യും

ഡൽഹി: ബിജെപിക്കും കോൺഗ്രസിനുമെതിരെ അതിശക്തമായി പോരാടി രാജ്യതലസ്ഥാനത്തെ ഭരണം പിടിച്ചെടുത്ത ആം ആദ്മിയുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. പാർട്ടിയുടെ സ്ഥാപകരിൽ പ്രധാനിയും ദേശീയ കണ്‍വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റോടെ തലപ്പത്തിരുന്ന പ്രധാന നേതാക്കളെല്ലാം ജയിലിലായി കഴിഞ്ഞു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 26നാണ് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം ഡൽഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ആം ആദ്മിയുടെ നേതാക്കളിൽ ആദ്യ അറസ്റ്റ് സിസോദിയയുടേതാണ്. മുഖ്യമന്ത്രി കേജ്‌രിവാൾ ആണെങ്കിലും ഏകോപനം മാത്രമാണ് അദ്ദേഹം നിർവഹിച്ചിരുന്നത്. ധനകാര്യം, എക്സൈസ്, വിദ്യാഭ്യാസം, ഊർജം തുടങ്ങി പ്രധാനവകുപ്പുകളുടെ ചുമതല മുഴുവനും സിസോദിയക്കായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയ വകുപ്പുകളിൽ സിബിഐയും എൻഫോഴ്‌സ്‌മെമെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിലാണ് സിസോദിയ ജയിലിലായത്. ഇതുവരെ ജാമ്യം ലഭിച്ചിട്ടുമില്ല.

മദ്യനയ അഴിമതിക്കേസിൽ രണ്ടാമതായി അറസ്റ്റ് ചെയ്ത ആം ആദ്മി നേതാവ് സഞ്ജയ് സിംഗാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സമൻസ് പോലുമില്ലാതെയാണ് രാജ്യസഭാ എംപി കൂടിയായ സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള സഞ്ജയുടെ ഹർജി സുപ്രീംകോടതി ഏപ്രിൽ രണ്ടിന് പരിഗണിക്കും. ഇതിനുപിന്നാലെയാണ് ഇപ്പോൾ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഭരണത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. ആം ആദ്മിയെ നയിക്കുന്നതിൽ പ്രധാന പങ്കാണ് കേജ്‌രിവാൾ വഹിക്കുന്നത്. അദ്ദേഹം ജയിലിൽ നിന്ന് പുറത്തുവരുന്നത് വരെ പാർട്ടിയെ ആര് നയിക്കുമെന്നത് വലിയ ഒരു ചോദ്യമാണ്. നേതൃസ്ഥാനത്തേക്ക് ശക്തനായ മറ്റൊരാൾ എത്തിയില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ അത് ബാധിച്ചേക്കാം. ജയിലിൽ നിന്ന് കേജ്‌രിവാൾ ഭരിക്കുമെന്ന് ആം ആദ്മി നേതാക്കൾ പറയുമ്പോഴും അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. അതിഷി സിംഗ്, സൗരഭ് ഭരത്ദ്വാജ്‌ എന്നിവരുടെ പേരും നേതൃനിരയിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. അതോടൊപ്പം കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളിനെ ദേശീയ കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top