അസാധാരണ വേഗത്തില്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്ത് രാജ് ബില്ലുകള്‍ പാസാക്കി നിയമസഭ; പ്രതിപക്ഷ ബഹളത്തിനിടയില്‍ അജണ്ടയില്‍ ഭേദഗതി വരുത്തി

മുന്‍സിപ്പാലിറ്റി പഞ്ചായത്ത് രാജ് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കി നിയമസഭ. ബാര്‍ക്കോഴ വിഷയം ഉന്നയിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് വാര്‍ഡ് വിഭജനം ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളുളള ബില്‍ പാസാക്കിയത്. ഇതിനായി ഇന്നത്തെ സമ്മേളന അജണ്ടയും ഭേദഗതി ചെയ്തു.
ബില്‍ സബ്ജക്ട് കമ്മറ്റിയ്ക്ക് വിടണമെന്നായിരുന്നു ഇന്നത്തെ അജണ്ടയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷം സ്പീക്കറുടെ ചെയറിന് മുമ്പില്‍ പ്രതിഷേധിച്ചതോടെ അതിവേഗത്തില്‍ അജണ്ട ഭേദഗതി ചെയ്ത് ബില്‍ പാസാക്കി. പ്രതിപക്ഷം സഹകരിക്കാതിരുന്നതിനാലാണ് വേഗത്തില്‍ ബില്‍ പാസാക്കിതെന്നായിരുന്നു തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് ഇതിന് നല്‍കിയ വിശദീകരണം.
സാധാരണ പ്രതിപക്ഷം കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന സമയത്ത് ധനകാര്യ ബില്ലുകളാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പാസാക്കാറുളളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനാണ് ഇത്. എന്നാല്‍ ഇന്ന് അത്തരമൊരു സാഹചര്യം നിലവില്ലായിരുന്നു.
ബില്‍ നേരത്തെ മന്ത്രിസഭ ഓര്‍ഡിനന്‍സായി പുറത്തിറക്കിയിരുന്നു. ഇതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം ചൂണ്ടികാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി. ഇതേതുടര്‍ന്നാണ് ബില്ലായി നിയമസഭയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here