പ്രധാനമന്ത്രി ഇടപെട്ട് പായൽ കപാഡിയക്കെതിരായ കേസുകൾ പിൻവലിക്കണം; പായലിൻ്റെ നേട്ടം രാജ്യത്തിനാകെ അഭിമാനമെന്ന് ശശി തരൂർ

ഡൽഹി: കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻപ്രീ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്‍റെ സംവിധായിക പായൽ കപാഡിയക്കെതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കണമെന്ന് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച വ്യക്തി എന്ന നിലയിൽ പായലിനെതിരെ മഹാരാഷ്ട്ര പോലിസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലി ക്കണമെന്നാണ് തരൂർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (ട്വിറ്റർ) ആവശ്യപ്പെട്ടത്.

നടനും ബിജെപിക്കാരനുമായ ഗജേന്ദ്ര ചൗഹാനെ പുനെയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്‌ടിഐഐ) ചെയർമാനായി നിയമിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളിൽ മുൻനിരയിൽ ഉണ്ടായിരുന്നയാളാണ് പായൽ കപാഡിയ. 2015 ജൂൺ മുതൽ ഒക്ടോബർ വരെ 139 ദിവസം നീണ്ടുനിന്ന, സ്ഥാപനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമായിരുന്നു അന്ന് നടന്നത്.

2015ൽ എഫ്‌ടിഐഐ ഡയറക്ടർ പ്രശാന്ത് പത്രാബെയെ ഉപരോധിച്ചതിന് പായലിനും മറ്റ് 34 വിദ്യാർഥികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ സ്കോളർഷിപ്പും വെട്ടിക്കുറച്ചിരുന്നു. ഗ്രാൻപ്രീ പുരസ്കാരം നേടിയ പായൽ കപാഡിയയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി സന്ദേശമയച്ചിരുന്നു. രാജ്യത്തെ പുതിയ തലമുറയിലെ മുഴുവൻ സിനിമ പ്രവർത്തകർക്കും അഭിമാനമുണ്ടാക്കുന്ന നേട്ടമാണ് പായൽ കൈവരിച്ചത് എന്നായിരുന്നു മോദിയുടെ ആശംസ.

പായൽ കപാഡിയക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. 139 ദിനം നീണ്ട സമരകാലത്ത് സംഘപരിവാർ അനുകൂലികൾ പായലിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തുകയും പാകിസ്താനിലേക്ക് പോകൂ എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടുത്ത മാസം 26ന് കേസിന്‍റെ വിചാരണാ നടപടികൾ തുടങ്ങാനിരിക്കെയാണ് കാനിലൂടെ നേട്ടത്തിലൂടെ പായൽ രാജ്യത്തിൻ്റെയാകെ ശ്രദ്ധയിലേക്ക് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top