വീണാജോർജിനെതിരെയുള്ള ‘സാധനം’ പരാമർശം പിൻവലിക്കുന്നു, മന്ത്രിക്ക് വകുപ്പിനെക്കുറിച്ച് ഒരു അന്തവും കുന്തവും അറിയില്ല എന്ന് പറഞ്ഞുകൊണ്ടേയിരിക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ‘സാധനം’ എന്ന് വിശേഷിപ്പിച്ചത് പിൻവലിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അതേസമയം വീണ ജോർജിന് വകുപ്പിനെക്കുറിച്ച് ഒരു അന്തവും കുന്തവും അറിയില്ല എന്ന് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിൽ സംഘടിപ്പിച്ച കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“താൻ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല പരാമർശം നടത്തിയത്. വകുപ്പിൽ നടക്കുന്ന അനാസ്ഥകൾക്കെതിരെയാണ്. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റു തന്ത്രമാണ്. സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാക്കുന്ന കാര്യം പറയാൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ ശ്രീമതി ടീച്ചർക്ക് തെറ്റിദ്ധാരണയുണ്ടായി. എംഎം മണിയെ വെച്ച് തന്നെ വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയിൽ ചുമക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ കുറിച്ച് പറയാൻ അർഹതയില്ലെന്നും” കെഎം ഷാജി പറഞ്ഞു.
ഇക്കഴിഞ്ഞ ആഴ്ചയാണ് കെഎം ഷാജി വീണാജോർജിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നും, മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും’ അദ്ദേഹം മലപ്പുറം കുണ്ടൂർ അത്താണിയിൽ മുസ്ലിം ലീഗ് വേദിയിൽ പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here