‘സൗന്ദര്യം കുറഞ്ഞ് പോയതിൻ്റെ പേരിൽ ഭർത്താവിൻ്റെ ക്രൂരപീഡനം’!! മലപ്പുറത്തെ യുവതിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയെന്ന് കുടുംബം

മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയെ(25) ആണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൗന്ദര്യം ഇല്ലെന്ന പേരിൽ ഭർത്താവ് പ്രബിൻ അവഹേളിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചു. ജോലിയില്ലെന്ന് പറഞ്ഞ് വിഷ്ണുജയെ സമ്മർദത്തിലാക്കിയെന്നും അച്ഛൻ വാസുദേവൻ പറഞ്ഞു. ഭർത്താവ് പ്രബിന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് വിഷ്ണുജ ആത്മഹത്യ ചെയ്തതെന്നും വീട്ടുകാർ പറഞ്ഞു. കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് ഭർത്താവ് പ്രബിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
2023 ലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിൽ വിവാഹം നടന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന വ്യക്തിയാണ് പ്രബിൻ. ഭർത്താവിന്റെ വീട്ടുകാരും പ്രബിന്റെ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് വിഷ്ണുജയുടെ വീട്ടുകാർ പറയുന്നു. പ്രബിൻ്റെ വീട്ടുകാർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
നിലവിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതെങ്കിലും തെളിവ് കിട്ടുന്നതിനെ അനുസരിച്ച് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അടക്കം വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നുവെന്നും വീട്ടുകാർ പറയുന്നു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here