21കാരിയും സ്കൂൾ കുട്ടികളും പീഡനത്തിനിരയായി; പൂനെയെ ഞെട്ടിച്ച് തുടർച്ചയായി ലൈംഗികാതിക്രമങ്ങൾ

പൂനെയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ബോപ്‌ദേവ് ഘറിൽ ആൺ സുഹൃത്തിനൊപ്പം യാത്ര ചെയ്ത 21കാരിയെ മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ക്രൂരമായി മർദിച്ച ശേഷമായിരുന്നു ലൈംഗികാതിക്രമം നടന്നത്.
ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മൂന്നംഗ സംഘം കടന്നു കളയുകയായിരുന്നു. പ്രതികളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും ഉടൻ അറസ്റ്റു ചെയ്യുമെന്നും കോണ്ട്‌വ പോലീസ് അറിയിച്ചു.
അതേസമയം പൂനെയിൽ ആറ് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ വാൻ ഡ്രൈവറെ വാൻവാഡി പോലീസ് അറസ്റ്റ് ചെയ്തു. 45കാരനായ സഞ്ജയ് റെഡ്ഡി എന്നയാളാണ് പിടിയിലായത്. സെപ്തംബർ 30ന് പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. പീഡനവിവരം ഒരു പെൺകുട്ടി അമ്മയെ അറിയിച്ചതോടെ വീട്ടുകാർ കഴിഞ്ഞ ദിവസം പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂൾ അധികൃതരെ അന്വേഷണത്തിന് വിളിപ്പിച്ചിട്ടുണ്ട്. അവർക്കും തെറ്റുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here