കോതമംഗലത്ത് വയോധിക വീടിനുള്ളിൽ മരിച്ചനിലയിൽ; തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം, മൃതദേഹത്തിന് സമീപം മഞ്ഞൾപ്പൊടി വിതറിയ നിലയിൽ

കൊച്ചി: കോതമംഗലത്ത് വയോധികയായ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. എഴുപത്തിരണ്ട് വയസുള്ള സാറാമ്മയാണ് മരിച്ചത്. തലക്കടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നിഗമനം. ഫോറൻസിക് വിദഗ്ദ്ധർ സംഭസ്ഥലം പരിശോധിക്കുകയാണ്.
കോതമംഗലം മുൻസിപ്പാലിറ്റിയിലെ ആറാം വാർഡ് കള്ളാട് ഇന്ന് ഉച്ചക്കാണ് സംഭവം. സാറാമ്മ ധരിച്ചിരുന്ന വളകളും സ്വർണമാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ സിജോ വർഗീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മകൾ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സാറാമ്മ ഡൈനിങ് ടേബിളിനരികെ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഉച്ചക്ക് ഒരുമണിക്കും മൂന്നു മണിക്കും ഇടയിലായിരിക്കാം മരണം സംഭവിച്ചിരിക്കുക എന്നാണ് നിഗമനം. മൃതദേഹത്തിന് ചുറ്റും മഞ്ഞപ്പൊടി വിതറിയിരുന്നു. സാറാമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലാത്തതിനാൽ മോഷണ ശ്രമത്തിനിടയിൽ നടന്ന കൊലപാതകമാണോ എന്നും സംശയമുണ്ട്. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here