ടാക്സി മാറിക്കയറി; രാത്രി നേരിട്ടത് കൊടിയ ഭീഷണിയെന്ന് ബെംഗളൂരു യുവതി; എല്ലാവർക്കുമുള്ള മുന്നറിയിപ്പെന്ന് കുറിപ്പ്
ബെംഗളൂരു കെമ്പെഗൗഡ വിമാനത്താവളത്തിൽ രാത്രി പത്തരക്ക് വന്നിറങ്ങിയ ശേഷം ടാക്സി വിളിച്ച് സ്വന്തം സ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഡോക്ടർക്ക് ഉണ്ടായ അനുഭവം ഞെട്ടിക്കുന്നതാണ്. ഓല ടാസ്കി ബുക്ക് ചെയ്തു കാത്തുനിൽക്കുമ്പോൾ കാർ വന്നുനിന്നു. കയറിയ ശേഷം ഓൺലൈൻ ടാക്സിക്ക് പതിവുള്ളത് പോലെ ഒടിപി ചോദിക്കാതിരുന്നപോൾ സംശയം തോന്നി. തൻ്റെ ഫോണിലെ ഓല ആപ്ലിക്കേഷൻ വർക്ക് ചെയ്യുന്നില്ലെന്ന് വിശദീകരണം പറഞ്ഞ ഡ്രൈവർ, അയാളുടെ ഫോണിലെ മാപ്പിൽ സ്ഥലം മാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടു.
ഇത്രയും ആയപ്പോൾ കാർ മാറിയാണ് കയറിയതെന്ന് ബോധ്യപ്പെട്ടു. ഇതിനിടെ ടാക്സി ബുക്ക് ചെയ്തപ്പോൾ കാണിച്ചതിലും കൂടിയ തുക ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോൾ പഴയ നിരക്കിനുള്ള വേറെ കാർ ഏർപ്പാട് ചെയ്യാമെന്നായി. വേറെ ആൾക്കാരെയും വിളിച്ച് വരുത്താനുള്ള ശ്രമം ആണെന്ന് തോന്നിയപ്പോൾ തിരികെ എയർപോർട്ട് ടാക്സി സ്റ്റാൻഡിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
ഈ സമയം തൊട്ടടുത്ത പെട്രോൾ പമ്പിലേക്ക് കാർ ഓടിച്ചു കയറ്റിയ ഡ്രൈവർ ഇന്ധനം നിറയ്ക്കാൻ 500 രൂപ ആവശ്യപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പോലീസിൻ്റെ ഹെൽപ്‌ലൈൻ നമ്പറായ 112ലേക്ക് വിവരം നൽകി. ഇതേ സമയം തന്നെ മറ്റൊരു ബന്ധുവിന് മെസേജ് അയച്ച് സാഹചര്യം ബോധ്യപ്പെടുത്തി. 20 മിനിറ്റിനുള്ളിൽ പോലീസ് എത്തി ടാക്സിയും പ്രതി ബസവരാജ് എന്ന ഡ്രൈവറേയും കസ്റ്റഡിയിൽ എടുത്തെന്നും യുവതി കുറിച്ചു. കാറിൻ്റെയും പ്രതിയുടെയും ചിത്രങ്ങൾ സഹിതമാണ് ഡോ.നിഹില മാലിക് എന്ന യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here