പിസ പങ്കുവച്ചതിനെ ചൊല്ലി തർക്കം; രാജ്യതലസ്ഥാനത്ത് യുവതിക്ക് ദാരുണാന്ത്യം
പിസ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം വെടിവയ്പിൽ കലാശിച്ചു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ വെൽക്കം ഏരിയയിലാണ് സംഭവം. സാദ്മ എന്ന യുവതിക്കാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.
ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ വെടിയേറ്റ ഒരു യുവതിയെ എത്തിച്ചിട്ടുണ്ടെന്ന് ഹോസ്പിറ്റലിൽനിന്നും വിവരം ലഭിച്ചതിനെ തുടർന്ന് സീലാംപൂർ പോലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സാദ്മയുടെ ഭർത്താവായ ജാവേദിന്റെ സഹോദരൻ സീഷാൻ വീട്ടിൽ കൊണ്ടുവന്ന പിസയെ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയിൽ വീട്ടിൽ എല്ലാവർക്കും കഴിക്കാനായാണ് സീഷാൻ പിസ കൊണ്ടുവന്നത്. എല്ലാവർക്കും നൽകുന്നതിനൊപ്പം പിസയുടെ ഒരു ഭാഗം സാദ്മയ്ക്കും നൽകി. സാദ്മയുമായി നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സീഷാന്റെ ഭാര്യയ്ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ഇതിനെ ചൊല്ലി മൂന്നുപേരും തമ്മിൽ തർക്കമായി. അന്നു രാത്രി സാദിയ തന്റെ സഹോദരൻമാരായ മുൻതാഹിർ, തഫ്സീർ, ഷെഹ്സാദ്, ഗുൽറെജ് എന്നിവരെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവരും സാദ്മയും തമ്മിൽ തർക്കം ഉണ്ടാവുകയും മുൻതാഹിറിന്റെ കയ്യിലിരുന്ന തോക്കിൽ നിന്ന് സാദ്മയ്ക്ക് വെടിയേൽക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സാദ്മയുടെ വയറിലാണ് വെടിയേറ്റത്. ജിടിബി ആശുപത്രിയിൽ ചികിൽസയിലാണ് സാദ്മ. സംഭവവുമായി ബന്ധപ്പെട്ട് സാദിയയുടെ നാലു സഹോദരൻമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽനിന്നും വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here