തോക്കുകള്‍ കഴുകുന്ന സ്ത്രീ; വൈറൽ വീഡിയോ പോലിസിനെ എത്തിച്ചത് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക്

തുണി കഴുകാൻ ഉപയോഗിക്കുന്ന ബ്രഷ് കൊണ്ട് ഒരു സ്ത്രീ തോക്കുകൾ വൃത്തിയാക്കുന്ന വൈറൽ വീഡിയോ പോലീസിനെ കൊണ്ടെത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്. മധ്യപ്രദേശിലെ മൊറേനയിൽ നിന്നാണ് പോലീസിനെ കുഴപ്പിച്ച വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണം ചെന്നു നിന്നത് മഹുവ സ്റ്റേഷൻ പരിധിയിലെ ഗണേഷ്പുര ഗ്രാമത്തിലാണ്.

ആദ്യം തോക്കുകൾ ബ്രഷ് കൊണ്ട് വൃത്തിയാക്കുന്നു, ശേഷൺ വെള്ളത്തിലിട്ട് കഴുകുന്നു, പോളിഷ് ചെയ്യാനായി വെള്ളത്തിൽ സോപ്പ് ലയിപ്പിക്കാൻ ഒരു പുരുഷൻ ആവശ്യപ്പെടുന്നു… ഇതെല്ലാമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് വൈറലായതോടെ വീഡിയോ എടുത്ത സ്ഥലം സൈബർ ടീമിൻ്റെ സഹായത്തോടെ പോലീസ് കണ്ടെത്തുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ സ്ഥലമുടമ ഛോട്ടു എന്ന ശക്തി കപൂറും പിതാവ് ബിഹാരിൽ ലാലും ഒരു ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടയിൽ വീണ് പരുക്കേറ്റ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ കണ്ടെത്തിയ ചാക്ക് പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. ആയുധങ്ങൾ നിർമിക്കാനുള്ള വസ്തുക്കൾക്കൊപ്പം പ്രാദേശികമായി നിർമിച്ച 315 ബോറിൻ്റെ ഡബിൾ ബാരൽ തോക്ക്, ഒരു 315 ബോർ പിസ്റ്റൾ, ഒരു 12 ബോർ പിസ്റ്റൾ, ഇവയിൽ ഉപയോഗിക്കാനുള്ള ബുള്ളറ്റുകൾ എന്നിവയാണ് കണ്ടെടുത്തത്.

രണ്ട് പ്രതികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. വൈറൽ വീഡിയോയിലെ പുരുഷശബ്ദത്തിൻ്റെ ഉടമ ശക്തി കപൂറാണെന്നും ആയുധങ്ങൾ വൃത്തിയാക്കുന്ന സ്ത്രീ ഇയാളുടെ ഭാര്യയാണെന്നുമാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മഹുവ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് പവൻ സിംഗ് ഭഡോറിയയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

ആയുധ നിർമ്മാണത്തിനുള്ള ഉപകരണങ്ങളും വസ്തുക്കളും എവിടെ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്താനാണ് പോലീസിൻ്റെ ശ്രമം. ഈ അനധികൃത ആയുധ നിർമാണശാല എന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങിയെന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് പ്രതികളേയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top