‘വിവാഹത്തിന് പുറത്തും സ്ത്രീക്ക് വ്യക്തിത്വമുണ്ട്’; വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞവർക്കെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ: മക്കളോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീയെ വിധവയാണെന്ന കാരണത്താല്‍ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇത്തരം പുരാതന വിശ്വാസങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് നിലനിൽക്കുന്നത് നിർഭാഗ്യകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹത്തിന് പുറത്തും സ്ത്രീക്ക് സ്വന്തമായി വ്യക്തിത്വമുണ്ട്. അത് പരിഗണിക്കാതെ ഭർത്താവ് മരിച്ചു എന്ന കാരണത്താല്‍ അവർ അർഹിക്കുന്ന ബഹുമാനം നിഷേധിക്കുന്നത് ആധുനിക സമൂഹത്തിന് യോജിച്ചതല്ലെന്നും കോടതി വ്യക്തമാക്കി.

തമിഴ്നാട് ഈറോഡ് ജില്ലയിലെ നമ്പിയൂർ താലൂക്കിലെ പെരിയകറുപാറയൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും, ഓഗസ്റ്റ് 9, 10 തീയതികളിൽ നടക്കുന്ന ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തങ്കമണി എന്ന സ്ത്രീ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മക്കളായ എം അയ്യാവു, എം മുരളി എന്നിവർക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വിഭാഗം തടഞ്ഞെന്നും, ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് പൂജ നടത്താനും അനുമതി തേടിയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന തങ്കമണിയുടെ ഭർത്താവ് പൊങ്ങിയണ്ണൻ 2017-ല്‍ മരണപ്പെട്ടിരുന്നു.

വിധവയാണെന്ന കാരണത്താല്‍ ഹർജിക്കാരിയെയും മക്കളെയും ഉത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ദൈവാരാധനയിൽ നിന്നും വിലക്കാന്‍ ആരോപണ വിധേയർക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. തങ്കമണിയെയും മക്കളെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് ബന്ധപ്പെട്ട സർക്കാർ അധികാരികളോട് നിർദേശിച്ചു.

ഒരു ഭാഗത്ത് അർഥശൂന്യമായ വിശ്വാസങ്ങളെ തകർക്കാൻ സാമൂഹിക പരിഷ്‌കർത്താക്കൾ പരിശ്രമിക്കുമ്പോള്‍, ഇപ്പോഴും ചില പ്രദേശങ്ങളില്‍ ഇത്തരം ആചാരങ്ങള്‍ തുടർന്നുവരുന്നു. പുരുഷാധിപത്യ സമൂഹം അവരുടെ സൗകര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ നിയമങ്ങളാണിവ. നിയമവാഴ്ചയുള്ള ഒരു പരിഷ്കൃത സമൂഹത്തിൽ ഇതൊന്നും ഒരിക്കലും തുടരാൻ കഴിയില്ലെന്നും ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top