ആത്മഹത്യയല്ല, അത് അരുംകൊല; ശാരിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: ചോറ്റാനിക്കരയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് പോലീസ്. മൂവാറ്റുപുഴ സ്വദേശി ശാരിയെയാണ് ഇക്കഴിഞ്ഞ 25ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ചോറ്റാനിക്കര എരുമേലി സ്വദേശി സൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചെന്ന് ചോറ്റാനിക്കര പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

വീട്ടിലെ കിടപ്പുമുറിയിൽ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടുവെന്നാണ് ഭർത്താവ് സൈജു പോലീസിനോട് ആദ്യം പറഞ്ഞത്. മരണം ഉറപ്പാക്കിയ ശേഷം സൈജു തന്നെയാണ് ശാരിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ക്രിസ്മസ് ദിവസം ഉച്ചയോടെ മദ്യപിച്ചെത്തിയ സൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. അവശനിലയിലായ ശാരിയുടെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി മരണം ഉറപ്പാക്കി. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോൾ സംശയം തോന്നാതിരിക്കാൻ ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും, സംഭവസ്ഥലത്തെ തെളിവിന്റെയും, സൈജുവിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കൊലപാതമാണെന്ന് കണ്ടെത്തിയത്. സൈജുവിന്റെ രണ്ടാം വിവാഹമാണ്. സംശയത്തിന്റെ പേരിൽ സൈജുവും ശാരിയുമായി മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് വിവരം. സൈജുവിനെ നാളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top