സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല: ഹൈക്കോടതി

കൊച്ചി: സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന നീരീക്ഷണവുമായി ഹൈക്കോടതി. കൊട്ടാരക്കര കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹമോചന കേസിൽ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ നിരീക്ഷണം.
ഭർതൃവീട്ടിലെ പീഡനങ്ങളും മറ്റ് പ്രശ്നങ്ങളും മൂലം കുഞ്ഞിനോടൊപ്പം യുവതി മാഹിയിലെ തൻ്റെ പിതാവിൻ്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റാൻ യുവതി ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കരുതെന്നും പ്രായമായ തന്‍റെ അമ്മക്ക് കേസിലെ വാദത്തിനായി തലശ്ശേരി വരെയെത്താൻ സാധിക്കില്ല എന്നുമായിരുന്നു ഭർത്താവിന്‍റെ ആവശ്യം. യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി അമ്മയ്ക്ക് ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസിലൂടെ വാദത്തിൽ പങ്കെടുക്കാമെന്നും നിരീക്ഷിച്ചു.
അതേ സമയം, വിഷയത്തിൽ ഭർതൃമാതാവിനും യുവതിയുടെ അമ്മക്കും എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ യുവതിയെ കോടതി വിളിപ്പിച്ചിരുന്നുവെന്ന് ഭർത്താവിന് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒരു സ്ത്രീയുടെ തീരുമാനം അവരുടെ അമ്മയെയോ അമ്മായിഅമ്മയുടെയോ വാക്കുകളാൽ സ്വാധീനിക്കപ്പെടേണ്ടതില്ലെന്നും സ്ത്രീ ആരുടെയും അടിമയല്ലെന്നും കോടതി അഭിഭാഷകൻ്റെ വാദത്തിനെതിരായി ചൂണ്ടിക്കാട്ടി.
“യുവതിക്ക് അവരുടേതായ തീരുമാനമുണ്ട്. നിങ്ങൾ അവളെ കെട്ടിയിട്ട് മരുന്ന് നൽകാനാണോ ഉദ്ദേശിക്കുന്നത്? ഇതുകൊണ്ട് തന്നെയാണ് യുവതി നിങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മാന്യതയോടെ പെരുമാറൂ, മനുഷ്യനായിരിക്കൂ” – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഭർത്താവിനോട് പറഞ്ഞു.
കേസ് കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കാനാകുന്ന വിഷയമാണെന്ന അഭിഭാഷകന്‍റെ പരാമർശത്തെയും കോടതി കുറ്റപ്പെടുത്തി. യുവതിയും കോടതിക്ക് പുറത്തുവെച്ച് വിഷയം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ കോടതിക്ക് പുറത്തുവെച്ച് തീർപ്പാക്കാൻ അനുമതി നൽകുകയുള്ളുവെന്ന്ന്ന് കോടതി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here