ഒഡീഷയിൽ പള്ളിയിൽ പോലീസ് നടത്തിയത് നരനായാട്ട്; സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി, കുട്ടികളെ പോലും തല്ലി; റിപ്പോര്‍ട്ട് പുറത്ത്

ഒഡീഷ ഗജപതി ജില്ലയിലെ ജൂബ ഗ്രാമത്തില്‍ സ്ത്രീകള്‍ അടക്കമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമെന്ന് എട്ടംഗ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സംരക്ഷകരാകേണ്ട പോലീസ്‌കാര്‍ വേട്ടക്കാരെ പോലെ പെരുമാറിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. മലയാളി വൈദികൻ അടക്കമുള്ളവര്‍ക്ക് പോലീസ് അതിക്രമത്തില്‍ ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നും നീതി ഉറപ്പാക്കാനായി പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 22നായിരുന്നു അതിക്രമം. ജൂബ ഗ്രാമത്തില്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നടന്ന അതിക്രമം പുറത്തു കൊണ്ടുവന്നത് മാധ്യമ സിന്‍ഡിക്കറ്റാണ്.
ബഹ്‌റാംപൂര്‍ രൂപതയുടെ കീഴിലുള്ള കത്തോലിക്ക ദേവാലയത്തിലാണ് പോലീസ് സംഘം കയറി അതിക്രമം അഴിച്ചുവിട്ടത്. പള്ളിക്കുള്ളില്‍ എത്തിയ പോലീസ് സംഘം പുരോഹിതന്മാരെയും കുട്ടികളെയും ലാത്തികൊണ്ട് അടിച്ചു. സ്ത്രീകളെയും വെറുതെവിട്ടില്ലെന്ന് സമിതി മുമ്പാകെ മൊഴി ലഭിച്ചിട്ടുണ്ട്. പള്ളിയിലെ മുഖ്യ വികാരിയും മലയാളിയുമായ ഫാദര്‍ ജോഷി ജോര്‍ജ്, സഹവികാരി ദയാനന്ദ് നായക് എന്നിവരെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ദയാനന്ദ് നായക് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

മാര്‍ച്ച് 22ന് ഒഡീഷ പൊലീസ് നടത്തിയ അതിക്രമത്തെ കുറിച്ച് ഏഴ് അഭിഭാഷകരും ഒരു സാമൂഹിക പ്രവര്‍ത്തകയും അടങ്ങുന്ന സ്വതന്ത്ര സംഘമാണ് അന്വേഷണം നടത്തിയത്. ക്ലാര ഡിസൂസ, ഗീതാഞ്ജലി സേനാപതി, തോമസ് ഇ എ, കുലകാന്ത് ദണ്ഡസേന, സുജാത ജെന, അഞ്ജലി നായക്, അജയ കുമാര്‍ സിംഗ്, സുബാല്‍ നായക് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പള്ളിയില്‍ നടന്ന ആദ്യത്തെ പൊലീസ് ആക്രമണമാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ദേവാലയത്തില്‍ കയറി യുവതികളെ മര്‍ദിക്കുകയും 300 മീറ്ററോളം വലിച്ചിഴച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയും ചെയ്തു. വസ്ത്രം വലിച്ചു കീറുകയും സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച് അപമാനിക്കുകയും ചെയ്തു. കോന്ധ് ആദിവാസി വിഭാഗത്തില്‍പ്പെട്ട നാല് യുവതികളും പെണ്‍കുട്ടികളും ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കും കുര്‍ബാനയ്ക്കും തയ്യാറെടുക്കുന്നതിനായി പള്ളിയില്‍ എത്തിയതായിരുന്നു. ഇതിനിടെ ഏകദേശം 15 പൊലീസ് ഉദ്യോഗസ്ഥര്‍ ആരാധനാലയത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

കുര്‍ബാന വസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധന സാമഗ്രികള്‍ പൊലീസുകാര്‍ തകര്‍ക്കുകയും പള്ളിയുടെ പവിത്രത നശിപ്പിക്കുകയും ചെയ്തു. വാറന്റില്ലാതെ പൊലീസ് പള്ളിയില്‍ പ്രവേശിച്ചത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അഞ്ച് പേജിലുള്ള റിപ്പോര്‍ട്ടിലുണ്ട്. ക്രമസമാധാനപാലകര്‍ എന്ന നിലയിലുള്ള ഭരണഘടനാ ബാധ്യത പോലീസ് നിര്‍വഹിച്ചില്ല.
‘കോന്ധ് ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവതികളെ പള്ളിക്കുള്ളില്‍ വെച്ച് പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചു. ഏകദേശം 300 മീറ്റര്‍ അകലെയുള്ള പൊലീസ് ബസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അക്രമം കണ്ട് ഭയന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, സഹായം അഭ്യര്‍ത്ഥിച്ച് കോമ്പൗണ്ടിനുള്ളില്‍ താമസിച്ചിരുന്ന പുരോഹിതരുടെ അടുത്തേക്ക് ഓടി. പെണ്‍കുട്ടികളുടെ നിലവിളി കേട്ട് പോര്‍ട്ടിക്കോയിലേക്ക് വന്ന സബാര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 38 വയസ്സുള്ള പാചകക്കാരിയെയും പൊലീസ് ക്രൂരമായി മര്‍ദിച്ചു. ഇവരുടെ വസ്ത്രങ്ങളടക്കം കീറിയ നിലയിലായിരുന്നു’ -റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അവ ഇതുവരെ അവര്‍ക്ക് തിരികെ നല്‍കിയിട്ടില്ല. പുരോഹിതന്മാര്‍ ആളുകളെ മതം മാറ്റുന്ന പാകിസ്താനികള്‍ ആണെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. വൈദികര്‍ താമസിക്കുന്ന പാഴ്‌സനേജില്‍ നിന്ന് പോലീസുകാര്‍ 40,000 രൂപ കൈക്കലാക്കി. ഗ്രാമത്തിലെ 20ഓളം മോട്ടോര്‍ സൈക്കിളുകളും വീടുകളിലെ ടിവി സെറ്റുകളും നശിപ്പിച്ചു. അരി, നെല്ല്, കോഴി, മുട്ട എന്നിവയുള്‍പ്പെടെ ഭക്ഷണസാധനങ്ങളും നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
വൈദികര്‍ മൊഹാന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. പരാതി നല്‍കിയതിന് രസീത് പോലും നല്‍കിയില്ല. ഒഡീഷയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ജൂബാ ഗ്രാമത്തില്‍ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് വസ്തുതാ അന്വേഷണ സംഘാംഗങ്ങള്‍ വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here