മന്ത്രി വീണാ ജോര്‍ജിനെതിരായ ‘സാധനം’ പരാമർശം: കെ.എം. ഷാജിക്കെതിരെ വനിത കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം. ഷാജിക്കെതിരെ സംസ്ഥാന വനിത കമ്മിഷന്‍ കേസ് എടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും മോശമായ രീതിയിലുള്ള പദപ്രയോഗങ്ങളാണ് കെ.എം. ഷാജി ഉപയോഗിച്ചത്. ‘സാധനം’ എന്ന വാക്ക് ഉപയോഗിച്ചതിൽ നിന്നു തന്നെ ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് മനസിലാക്കാം.
മുന്‍പ് നമ്പൂതിരി സമുദായത്തിൽ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം വിചാരണ നടത്തുമ്പോൾ കുറ്റാരോപിതയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’. കെ.എം. ഷാജിയെ പോലെയുള്ളവരുടെ മനസിലുള്ള ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം പരാമർശങ്ങളെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here