വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡ്രസ് കോഡ് പരിഷ്‌ക്കരണം; ഉത്തരവ് ഉടന്‍; ഏറെക്കാലമായി കാത്തിരിക്കുന്ന കാര്യമെന്ന് വനിതാ ജഡ്ജിമാരും

തിരുവനന്തപുരം: കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫീസേഴ്സ് കാത്തിരിക്കുന്ന ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും. സാരിക്ക് പുറമേ മറ്റ് വേഷങ്ങള്‍ക്കും അനുമതി വേണമെന്ന ആവശ്യം ഏറെക്കാലമായി വനിതാ ഓഫീസര്‍മാര്‍ക്കുണ്ട്. ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ഉരുത്തിരിഞ്ഞ ആവശ്യമാണ് ഇപ്പോള്‍ ഉത്തരവായി പുറത്തിറങ്ങാന്‍ പോകുന്നത്. ഔദ്യോഗിക വേഷമായ സാരിക്കൊപ്പം മറ്റ് വസ്ത്രങ്ങളും അനുവദിക്കണമെന്ന ആവശ്യത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ ദേശായിയും അനുകൂലമാണ്. ഇതോടെ ഈ കാര്യത്തില്‍ മറ്റ് കടമ്പകള്‍ നിലവിലില്ല.

സംസ്ഥാനത്ത് 474 ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ 229 പേരും വനിതകളാണ്. ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. കോടതിമുറിയിൽ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ വസ്‌ത്രധാരണം കാലാനുസൃതമായി പരിഷ്കരിക്കാൻ തീരുമാനിച്ചതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ 69 ആം വാർഷികസമ്മേളനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏറെക്കാലമായി കാത്തിരുന്ന കാര്യമാണിതെന്ന് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സാരി ഉടുത്താലും ഗൗണ്‍ മുകളിലുണ്ടാകും. ചുരിദാര്‍ പോലുള്ള വസ്ത്രം ധരിച്ചാലും ഗൗണ്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ പ്രശ്നമുള്ള കാര്യമല്ല. പക്ഷെ ഡ്രസ് കോഡ് ചലഞ്ച് ചെയ്യാനൊന്നും വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ തയ്യാറായില്ല.

ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ഉയര്‍ന്ന ആവശ്യത്തിനാണ് ചീഫ് ജസ്റ്റിസ് അനുകൂലമായി പ്രതികരിക്കുന്നത്. വെള്ള സാരി, കറുത്ത ബ്ലൗസ്, മുകളില്‍ ഗൗണ്‍ ഇതാണ് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വേഷം. ചുരിദാര്‍, സല്‍വാര്‍ കമ്മീസ് ഒക്കെ വന്നാല്‍ ഗുണകരമാകും-വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top