കോൺഗ്രസിന്‍റെ സ്വപ്നം ബിജെപി യാഥാർത്ഥ്യമാക്കുമ്പോൾ; വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇനി കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് എത്തുക 6 വനിതാ എംപിമാര്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്നു സഭ ചേരുമ്പോള്‍ രാജ്യം ഏറെക്കാലമായി കാത്തിരുന്ന വനിതാ സംവരണ ബില്‍ അവതരിപ്പിക്കും. നാളെ പാസാക്കും. സ്വാതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തെ വനിതാമുന്നേറ്റത്തിൽ നിർണായകമായ മാറ്റം ഉണ്ടാക്കുന്ന ചരിത്രപരമായ വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റെതാണ് തീരുമാനം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ചൂടേറിയ ചർച്ചാ വിഷയമാണ് തെരഞ്ഞെടുപ്പുകളിലേക്കുള്ള വനിതാ സംവരണം. എന്നാൽ മുൻകാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യം നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട്. ഈ ബിൽ നിയമമായാൽ പുരുഷാധിപത്യത്തിൽ നിലനിൽക്കുന്ന കേരള രാഷ്ട്രീയത്തിലും അതിന്‍റെ മാറ്റങ്ങൾ ഉണ്ടാവും. ഇതോടെ ലോക്സഭയിലേക്ക് കേരളത്തിൽ നിന്നും 6 വനിതാ എംപിമാരും നിയമസഭയിലേക്ക് 46 വനിതാ എംഎൽമാരും ഉണ്ടാകും. നിലവിൽ ലോക്സഭയിലേക്ക് കേരളത്തിൽ നിന്നും ഒരു വനിതാ എംപി രമ്യാ ഹരിദാസ് മാത്രമാണുള്ളത്. 140 അംഗ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം വെറും 12 മാത്രവും.

എന്താണ് വനിതാ സംവരണ ബിൽ 2008

സംസ്ഥാന നിയമസഭകളിലെയും പാർലമെന്റിലെയും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് അതായത്33 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യാൻ ശ്രമിക്കുന്നു. 33 ശതമാനം ക്വാട്ടയിൽ എസ്‌സി, എസ്ടി, ആംഗ്ലോ-ഇന്ത്യൻ എന്നിവർക്ക് ഉപ സംവരണവും ബിൽ നിർദ്ദേശിക്കുന്നു. സംവരണ സീറ്റുകൾ സംസ്ഥാനത്തിലോ കേന്ദ്ര ഭരണ പ്രദേശത്തിലോ ഉള്ള വിവിധ മണ്ഡലങ്ങളിലേക്ക് മാറിമാറി അനുവദിക്കാവുന്നതാണ്. ഡോ മൻമോഹൻ സർക്കാർ 108 ആം ഭരണഘടനാ ഭേദഗതിയായി അവതരിപ്പിച്ച ബിൽ നിലവിൽ വന്നതിന്15 വർഷത്തിന് ശേഷമാണ് നിയമമാകാൻ പോകുന്നത് എന്നതാണ് മറ്റൊരു യഥാർത്ഥ്യം. രാജീവ് ഗാന്ധി, പി വി നരസിംഹ റാവു, എച്ച് ഡി ദേവഗൗഡ തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ട ശ്രമങ്ങൾക്ക് വലിയ സംഭാവനകൾ നൽകി.

പാർലമെന്റിലേക്കും നിയമഭകളിലേക്കും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണബിൽ എന്ന ആശയത്തിന് വിത്ത് പാകുന്നത് 1989 ൽ അധികാരത്തിലിരുന്ന രാജീവ് ഗാന്ധി സർക്കാരാണ്. രാജ്യത്തെ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലേക്കും ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്കും മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യുക എന്നതായിരുന്നു ആശയം.

1987ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി സർക്കാർ സ്ത്രീകൾക്ക് സമൂഹത്തിൽ അർഹിക്കുന്ന സ്ഥാനങ്ങൾ ലഭിക്കുന്നതിന് പ്രധാനമന്ത്രിക്ക് ശുപാർശകൾ നൽകാൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയുടെ നേതൃത്വത്തിൽ 14 അംഗ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നൽകിയ 353 ശുപാർശകളിൽ തെരഞ്ഞെടുപ്പ് ബോഡികളിലെ സീറ്റ് സംവരണവുമായി ബന്ധപ്പെട്ട ഒന്നാണ്. ഇതോടെയാണ് വനിതാ സംവരണം എന്നതിനെപ്പറ്റിയുള്ള ചർകൾക്ക് തുടക്കം കുറിക്കുന്നത്.

1989 മെയ് മാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (പഞ്ചായത്ത് – മുനിസിപ്പാലിറ്റി -കോർപ്പറേഷൻ) സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ വനിതാ സംവരണമെന്ന ആശയം ലോക്സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. ബിൽ ലോക്‌സഭയിൽ പാസാക്കിയെങ്കിലും 1989 സെപ്റ്റംബറിൽ രാജ്യസഭയിൽ പാസാക്കാനായില്ല.

രാജീവിന്‍റെ പിൻഗാമിയായി പിന്നീട് അധികാരത്തിലെത്തിയ പി വി നരസിംഹറാവു 1992 ലും 1993 ലും ഭരണഘടനാ ഭേദഗതി ബില്ലുകൾ 72 ഉം 73 ഉം വീണ്ടും അവതരിപ്പിച്ചു, ഇത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സീറ്റുകളുടെയും ചെയർപേഴ്‌സൺ സ്ഥാനങ്ങളുടെയും മൂന്നിലൊന്ന് (33%) സ്ത്രീകൾക്കായി സംവരണം ചെയ്തു. ബില്ലുകൾ പാർലമെന്റിന്‍റെ ഇരുസഭകളും പാസാക്കുകയും രാജ്യത്തിന്റെ നിയമമായി മാറുകയും ചെയ്തു. ഇതിന്‍റെ ഫലമായി ഇപ്പോൾ രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളിലും നഗരപാലികകളിലുമായി തെരഞ്ഞെടുക്കപ്പെട്ട 15 ലക്ഷത്തോളം വനിതാ പ്രതിനിധികളുണ്ട്.

വനിതാ സംവരണത്തിന്‍റെ രണ്ടാം ഘട്ടമെന്ന നിലയിൽ1996 സെപ്തംബർ 12 ന് അന്നത്തെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാർ ആദ്യമായി പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകളിൽ സംവരണം ഉറപ്പാക്കുന്ന 81 ആം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ലോക്‌സഭയിൽ ബില്ലിന് അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് ഗീതാ മുഖർജി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. 1996 ഡിസംബറിൽ മുഖർജി കമ്മറ്റി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ലോക്‌സഭ പിരിച്ചുവിട്ടതോടെ ബിൽ അസാധുവായി. രണ്ട് വർഷത്തിന് ശേഷം, അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 1998 ൽ ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. ഇത്തവണയും ബില്ലിന് പിന്തുണ ലഭിക്കാതെ വീണ്ടും അത് കാലഹരണപ്പെട്ടു. പിന്നീട് 1999, 2002, 2003 വർഷങ്ങളിൽ വാജ്‌പേയി സർക്കാരിന്റെ കീഴിൽ വീണ്ടും ബില്ലുകൾ നിയമമാക്കാൻ ശ്രമിച്ചുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു.

പിന്നീട് ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാർ കാലത്ത് 2004ൽ, ഗവൺമെന്റ് വനിതാ അതിന്റെ പൊതുമിനിമം പ്രോഗ്രാമിൽ ഉൾപ്പെടുത്തുകയും ഒടുവിൽ 2008 മെയ് 6ന് അംഗീകാരം നൽകുകയും ചെയ്തു. മുൻകാലങ്ങളിലെപ്പോലെ വീണ്ടും ബിൽ കാലഹരണപ്പെടാതിരിക്കാൻ ഇത്തവണ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കി. 1996ലെ ഗീതാ മുഖർജി കമ്മിറ്റി നൽകിയ ഏഴ് ശുപാർശകളിൽ അഞ്ചെണ്ണം ബില്ലിന്റെ ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. നിയമം 2008 മെയ് 9ന് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അതിന്റെ റിപ്പോർട്ട് 2009 ഡിസംബർ 17ന് അവതരിപ്പിച്ചു.

2010 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഇതിന് അംഗീകാരം ലഭിച്ചു. ഒടുവിൽ ബിൽ രാജ്യസഭയിൽ2010 മാർച്ച് 9ന് ബിജെപിയും ഇടതുപക്ഷവും മറ്റ് ചില പാർട്ടികളും ഭരണകക്ഷിയായ കോൺഗ്രസിനൊപ്പം ചേർന്ന് ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് ബിൽ രാജ്യസഭയിൽ പാസാക്കുന്നതിന് സഹായിച്ചു. എന്നിരുന്നാലും, ബിൽ ഒരിക്കലും ലോക്‌സഭയുടെ പരിഗണനയ്‌ക്ക് എടുത്തില്ല. ഒടുവിൽ 2014ൽ ലോക്‌സഭ പിരിച്ചുവിട്ടു. എന്നാൽ രാജ്യസഭയിൽ ബിൽ പാസാക്കിയിരുന്നതിനാല്‍ അത് കാലഹരണപ്പെട്ടിരുന്നില്ല. അതിനാനാലാണ് വനിതാ സംവരണ ബിൽ,2008 ലോക്സഭയിൽ അവതരിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിയുന്നത്. 2018ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മോദിക്ക് ലോക്‌സഭയിൽ ബിൽ പാസാക്കുന്നതിന് തന്റെ പാർട്ടിയുടെ നിരുപാധിക പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

ബിൽ നിയമമായാൽ ഒരു വർഷത്തിന് ശേഷം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പകളിലടക്കം അത് വലിയ ചരിത്രമാണ് സൃഷ്ടിക്കാൻ പോകുന്നത്.
നിലവിലെ ലോക്‌സഭയിൽ 78 വനിതാ അംഗങ്ങൾ മാത്രമാണുള്ളത്. ഇത് മൊത്തം അംഗസംഖ്യയായ 543ന്റെ 15 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ പാർലമെന്റുമായി പങ്കുവെച്ച കണക്കുകൾ പ്രകാരം രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്.

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, തുടങ്ങി നിരവധി സംസ്ഥാന നിയമസഭകളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം.എന്നാൽ ബിൽ നിയമമാകുന്നതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംഭവിക്കാൻ പോകുന്ന വനിതകളുടെ രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിനാവും വരും നാളുകളിൽ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന് പ്രതീക്ഷിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top