വനിതാ സംവരണ ബിൽ: ലീഗ് രാഷ്ട്രീയം മാറി മറിയും, മുസ്ലിം സ്ത്രീകൾ ബില്ലിനെ സ്വാഗതം ചെയ്തു

മലപ്പുറം: വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കിയതോടെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കടുത്ത ആശയക്കുഴപ്പത്തിലും സമ്മർദത്തിലുമാണ്. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയിൽ മുസ്ലിം ലീഗ് പിന്തുണച്ചെങ്കിലും പുതിയ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് കാര്യത്തിൽ പാർട്ടി നേതൃത്വം ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല.

പാർട്ടി രൂപീകരിച്ചിട്ട് 75 വർഷം പൂർത്തിയാക്കുന്ന മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു വനിതാ എംപിയോ എംഎൽഎയോ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂർബിന റഷീദ് കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1999-ൽ ഇതേ മണ്ഡലത്തിൽ നിന്നും ഖമറുന്നീസ അൻവർ മത്സരിച്ചെങ്കിലും അവർക്കും ജയിക്കാനായില്ല. ലീഗിനെ പിന്തുണയ്ക്കുന്ന മത-സാമുദായിക നേതൃത്വങ്ങളുടെ കടുത്ത എതിർപ്പ് നേരിട്ടുകൊണ്ടാണ് ഇവർ രണ്ടുപേരും മത്സരിച്ചത്. മുസ്ലിംകൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായിട്ടുപോലും ഖമറുന്നീസക്കും നൂർബിനക്കും ജയിക്കാൻ പറ്റാത്തതിന്റെ കാരണം സാമുദായിക നേതൃത്വത്തിന്റെ എതിർപ്പുതന്നെയായിരുന്നു. 2011 ലും 2016 ലും ലീഗ് നേതാവ് ഡോ. എം കെ മുനീറാണ് ഈ മണ്ഡനത്തിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നത്.

പുതിയ സാഹചര്യത്തിൽ മുസ്ലിം ലീഗ് അടക്കമുള്ള ഇസ്‌ലാമിക രാഷ്ട്രീയ പാർട്ടികൾക്ക് വനിതാ സ്ഥാനാർഥികളെ നിർത്താതെ തരമില്ല ‘വരാൻ പോകുന്ന നാളുകളിൽ മുസ്ലിം വനിതകളുടെ സാമൂഹിക രാഷ്ട്രീയ ജീവിതം തന്നെ തിരുത്തി എഴുതുന്ന വിധത്തിലായിരിക്കും സംസഥാന ദേശീയ രാഷ്ട്രീയങ്ങൾ മാറുന്നത്. മുസ്ലിം സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതും പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്നതും വളരെ നന്നായിരിക്കുമെന്നാണ്’ പ്രൊഫസർ എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ധാരാളം മുസ്ലിം സ്ത്രീകൾക്ക് രസ്ത്രീയത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്കും സംവരണം വേണമെന്നാണ് ലീഗന്റെ പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ലോക്സഭയിൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് വനിതകൾക്ക് അവസരം നൽകുന്നില്ല എന്ന ആരോപണങ്ങൾ ശക്തമായിരിക്കുമ്പോഴാണ് നിയമ നിർമ്മാണ സഭകളിലേക്ക് വനിതാ സംവരണം നടപ്പിലാകാൻ പോകുന്നത്. നൂർബിന റഷീദിന്റെ സ്ഥാനാർത്ഥിത്വത്തോടു സാമുദായിക നേതാക്കൾ അക്കാലത്ത് ഒളിഞ്ഞും തെളിഞ്ഞു വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സിവിൽ സർവീസ് രംഗങ്ങളിലുമെല്ലാം പ്രാഗൽഭ്യം തെളിയിച്ച മുസ്ലിം വനിതകൾക്ക് വനിതാ സംവരണ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ അവരുടെ കഴിവുതെളിയാക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതേകതയുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top