സ്ത്രീ പുരുഷന്‍റെ സ്വഭാവം കാണിച്ചാൽ പിശാചായാണ് മാറുക; മറിച്ചായാല്‍ ദൈവവും; വനിതാ സംവരണ ബില്ലിനെതിരെയുള്ള യോഗിയുടെ വിവാദ പ്രസ്താവന വീണ്ടും ചർച്ചയില്‍

ലഖ്‌നൗ: വനിതാ സംവരണ ബില്ലിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എടുത്ത നിലപാട് ചർച്ചയാവുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ചരിത്ര സംഭവം എന്ന് ദിവസം വിശേഷിപ്പിച്ച ബില്ലിനെതിരെ 2010 ൽ യോഗി സ്വീകരിച്ച നിലപാടാണ് ഇപ്പോൾ ചർച്ചയാവുന്നത്. 2008 ൽ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിൽ യുപിഎ സർക്കാർ കൊണ്ടുവന്ന ബില്ലിനെതിരെ 2010 ലാണ് യോഗി രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്ത് വന്നത്. അന്ന് ബിജെപി ബില്ലിനെ അനുകൂലിച്ചെങ്കിലും ഗോരഖ്പൂർ എംപിയായിരു യോഗി അതിരൂക്ഷമായ ഭാഷയിലായിരുന്നു വിമർശിച്ചത്.ഈ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നത്.

രാജ്യത്തെ പാർലമെൻ്റിലും നിയമസഭകളിലും സ്ത്രികൾക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം നൽകുന്ന വനിത സംവരണ ബിൽ പാസ്സാകുന്നത് ഇന്ത്യൻ രാഷ്ട്രീയ സംവിധാനത്തെ തന്നെ മുക്കിക്കളയും എന്ന് തുടങ്ങിയുള്ള വാദങ്ങളായിരുന്നു അന്ന് യോഗി ഉയർത്തിയത്. ‘പുരുഷൻ സ്ത്രീയുടെ സ്വഭാവം കാണിച്ചുതുടങ്ങിയാൽ ദൈവമായി മാറും. സ്ത്രീ പുരുഷന്‍റെ സ്വഭാവം കാണിച്ചാൽ പിശാചായാണ് മാറുക. സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള പാശ്ചാത്യ ആശയങ്ങൾ ഏറെ ആലോചിച്ച് വേണം രാജ്യത്ത് നടപ്പാക്കാൻ എന്ന് രൂക്ഷമായ വിമർശനമാണ് യോഗി ഉയർത്തിയത്. ബില്ലിനെ അനുകൂലിച്ച ബിജെപി നിലപാടിനെയും അന്ന് യോഗി കടന്നാക്രമിച്ചിരുന്നു.

വനിത സംവരണത്തിൽ പാർട്ടി എംപിമാർക്കിടയിൽ ചർച്ച വേണമെന്ന് അദ്വാനിയുടെ വസതിയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതാണ്. ആ തീരുമാനം നടന്നിരിക്കണം, അല്ലെങ്കിൽ താൻ ലോക്സഭാംഗത്വം രാജിവെക്കും. ഡൽഹിയിലെ എസി മുറികളിൽ ഇരിക്കുന്നവരല്ല പൊതുനയം തീരുമാനിക്കേണ്ടത് എന്നും ബില്ലിനെ അനുകൂലിക്കാൻ തീരുമാനിച്ച ബിജെപി തീരുമാനത്തെയും യോഗി വിമർശിച്ചു. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ ബിജെപി വിപ്പ് നൽകുമോയെന്ന ചോദ്യംപോലും ഉദിക്കുന്നില്ലെന്നും എംപിമാർ കെട്ടിയിടപ്പെട്ട തൊഴിലാളികളല്ലെന്നുമായിരുന്നു അന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞത്.

ചരിത്രപരം എന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ വിശേഷിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും സ്ത്രികൾക്ക് 33% സംവരണം ഉറപ്പാക്കുന്ന ബിൽ ലോക്സഭയിൽ പാസാക്കിയാൽ നിയമമായി മാറും. 2010 മാർച്ച് 9ന് മൻമോഹൻ സിംഗ് സർക്കാരിൻ്റെ കാലത്ത് രാജ്യസഭ ഈ ബിൽ പാസാക്കിയിരുന്നു. അന്നും ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷത്തായിരുന്ന ബിജെപിയും ഇടതുപക്ഷവും ഒരു പോലെ തന്നെയാണ് ബില്ലിനെ അനുകൂലിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top