യൂറോ കപ്പില്‍ വണ്ടര്‍കിഡ് ആകാന്‍ നിരവധി പേര്‍; ജര്‍മ്മനിയില്‍ പന്തുതട്ടാന്‍ എത്തുന്ന പ്രധാന കൗമാരക്കാരെല്ലാം അദ്ഭുതം കാട്ടാന്‍ മികവുള്ളവര്‍

യൂറോ കപ്പിലെ മികച്ച പ്രകടനത്തിലൂടെ ലോകത്ത് വരവറിയിക്കാന്‍ ഒരു പറ്റം കൗമാരക്കാരാണ് ജര്‍മ്മനിക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്. ലാമിന്‍ യമല്‍, ആര്‍ഡ ഗുലര്‍, കോംബി മൈനൂ തുടങ്ങി നിരവധി താരങ്ങളാണ് വിവിധ ടീമുകളിലായി എത്തുന്നത്.

കോബി മൈനു

ഇംഗ്ലണ്ടിന്റെ 19കാരാനായ മിഡ്ഫീല്‍ഡര്‍ വളരെ വേഗത്തില്‍ ടീമിന്റെ പ്രധാന താരമായി മാറിയിരിക്കുകയാണ്. ഈ സീസണ്‍ന്റെ തുടക്കത്തിലാണ് കോബി രാജ്യത്തിനായി കളിക്കാന്‍ എത്തിയത്. ബ്രസീലിനെതിരേയും ബെല്‍ജിയത്തിനെതിരേയും നടത്തിയ മികച്ച പ്രകടനം യൂറോ ടീമിലെത്തിച്ചു. കൃത്യമായ പാസുകളിലൂടെ മിഡ്ഫീല്‍ഡില്‍ കളം നിറയാന്‍ കഴിയും. ആക്രമിച്ച് കളിക്കുന്നതിനാല്‍ ടെമ്പോ സെറ്റിംഗ് മിഡ്ഫീല്‍ഡറുടെ റോളിലും തിളങ്ങാന്‍ കഴിവുണ്ട്.

ആര്‍ഡ ഗുലര്‍

ടര്‍ക്കിഷ് മെഡി എന്ന വിളിപ്പേര് ഇപ്പോള്‍ തന്നെ നേടിയ താരമാണ് ആര്‍ഡ ഗുലര്‍. ഈ 19കാരന്റെ കരിയറിലെ വലിയ ടൂര്‍ണമെന്റാണ് യൂറോ കപ്പ്. ഇതില്‍ കരുത്ത് തെളിയിച്ചാല്‍ ദേശിയ ടീമിന്റെ കുപ്പായം സ്ഥിരമായി ഉറപ്പിക്കാം. ജര്‍മ്മനിയുടെ പ്രശസ്ത താരമായ മെസ്യൂട് ഓസിലിന്റെ കളി ശൈലിയുമായി സാമ്യമുളള പ്ലേമേക്കറാണ് ആര്‍ഡ ഗുലര്‍. ഗോളടിക്കാനുള്ള മികവും ടീമിന് കരുത്താകും.

സെമിഹ് കിലിസോയ്

തുര്‍ക്കി ലീഗിലെ മികവാണ് ഈ 18കാരന് ദേശിയ ടീമിലേക്ക് ഇടം നേടി കൊടുത്തത്. ഇറ്റലിക്കെതിരായ സൗഹൃദ മത്സരത്തില്‍ തന്നെ മികവ് കാണിക്കാന്‍ ഈ മുന്നേറ്റനിര താരത്തിനായി. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ വമ്പന്‍ ടീമുകള്‍ നോട്ടമിട്ട കളിക്കാരനാണ്.

ലിയോ സോവര്‍

18 വയസിനുള്ളില്‍ തന്നെ സ്ലൊവാക്യയ്ക്കായി രണ്ട് ഗോളുകള്‍ നേടുകയും നാല് ഗോളുകള്‍ക്ക് അസിസ്റ്റ് നടത്തുകയും ചെയ്ത് മുന്നേറ്റനിര താരമാണ് ലിയോ സോവര്‍. രാജ്യത്തിനു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. ജര്‍മ്മനിയില്‍ എതിര്‍ ടീമുകള്‍ കരുതിയിരിക്കേണ്ട താരമാണ്.

ഗബ്രിയേല്‍ സിഗ്വ

ആദ്യമായി യൂറോ കപ്പ് കളിക്കാനെത്തിയ ജോര്‍ജിയയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗബ്രിയേല്‍ സിഗ്വ എന്ന മിഡ്ഫീല്‍ഡര്‍. ഫുട്‌ബോള്‍ ലോകത്ത് വരവറിയിക്കാനാണ് ജോര്‍ജിയയുടേയും ഗബ്രിയേല്‍ സിഗ്വയുടേയും ശ്രമം.

ആര്‍തര്‍ വെര്‍മീറന്‍

ചുവന്ന ചെകുത്താന്‍മാരായ ബെല്‍ജിയത്തിലെ ഭാവി താരമാണ് ആര്‍തര്‍ വെര്‍മീറന്‍ എന്ന 18കാരന്‍. ഇത്തവണ യൂറോ കപ്പില്‍ വലിയ അവസരങ്ങള്‍ ലഭിക്കാന്‍ ഇടയില്ലെങ്കിലും വരും കാലങ്ങളില്‍ അതാകില്ല സ്ഥിതിയെന്ന് ഉറപ്പാണ്. നിലവില്‍ അത്‌ലറ്റികോ മാഡ്രിഡ് താരമായ ആര്‍തറിൻ്റെ കാര്യത്തിൽ ബാഴ്‌സലോണയും ആഴ്സണലുമെല്ലാം താല്പ്പര്യം പ്രകടിപ്പിച്ചിരുന്നു.

ലാമിന്‍ യമല്‍

യൂറോ കളിക്കാരനാണ് സ്‌പെയിനിന്റെ ലാമിന്‍ യമല്‍. വലത് വിങ്ങില്‍ ആക്രമിച്ച് കളിക്കുന്ന താരം ബാഴ്‌സലോണയുടെ കണ്ടെത്തലാണ്. മെസിക്ക് ശേഷം ബാഴ്‌സലോണ അക്കാദമിയുടെ കണ്ടെത്തലാണ് താരം. ബാഴ്‌സലോണയ്ക്കായി മികച്ച ഫോമില്‍ കളിക്കുന്ന താരത്തില്‍ നിന്നും മികച്ച പ്രകടനം സ്‌പെയിന്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിനായി ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഇതിനുളളില്‍ തന്നെ ലാമിന്‍ യമല്‍ നേടിക്കഴിഞ്ഞു.

കെനാന്‍ യില്‍ദിസ്

ബയേണ്‍ മ്യൂണിക്കിന്റെ അക്കാദമിയുടെ കണ്ടെത്തലാണ് തുര്‍ക്കിയില്‍ നിന്നുളള ഈ 19കാരന്‍. സെന്‍ട്രല്‍ സ്‌ട്രൈക്കറായും ഇടത് വിങ്ങിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന കളിക്കാരന്‍. ഡ്രിബ്ലിംഗ് മികവും ശക്തമായ ഷോട്ടുകളും താരത്തെ അപകടകാരിയാക്കുന്നു. ജര്‍മ്മനിയില്‍ എല്ലാ മത്സരങ്ങളിലും തുര്‍ക്കി കുപ്പായത്തില്‍ പ്രതീക്ഷിക്കാവുന്ന താരമാണ് കിനാന്‍ യിൽദിസ്.

വാരന്‍ സെയ്ര്‍-എമെറി

ഫ്രാന്‍സിന്റെ അദ്ഭുത മിഡ്ഫീല്‍ഡറാണ് ഈ 18കാരന്‍. ദേശീയ ടീമില്‍ നിന്ന് വിളിയെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മികവ് തെളിയിക്കാന്‍ കഴിഞ്ഞ താരമാണ്. പ്ലേമേക്കറുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്ന ഈ താരത്തില്‍ ഫ്രാന്‍സിന് വലിയ പ്രതീക്ഷയാണുളളത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടേയും പ്രധാന കളിക്കാരനായി വേഗത്തില്‍ മാറാന്‍ ഈ കൗമാരക്കാരന് കഴിഞ്ഞു. ജര്‍മ്മനിയില്‍ ഈ താരം അദ്ഭുതങ്ങള്‍ കാട്ടുമെന്നുറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top