ഹിന്ദു വിരുദ്ധരായ ബംഗ്ലാദേശുകാർക്ക് ഇനി ചികിത്സയില്ലെന്ന് ജെഎൻ റേ ഹോസ്പിറ്റൽ; ചിറ്റഗോങ്ങില്‍ മൂന്ന് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു

ബംഗ്ലാദേശുകാരായ രോഗികൾക്ക് ചികിത്സ നൽകില്ലെന്ന് കൊൽക്കത്തയിലെ ജെഎൻ റേ ഹോസ്പിറ്റൽ. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കെതിരെയും ഇന്ത്യൻ പതാകയെ അപമാനിക്കുന്ന സംഭവങ്ങൾക്കും മറുപടിയായിട്ടാണ് നടപടിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ത്യയോടുള്ള അവഹേളനങ്ങൾ കാരണം അനിശ്ചിതകാലത്തേക്ക് ചികിത്സ നിർത്തലാക്കുകയാണെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൊൽക്കത്തയിലെ മറ്റ് ആശുപത്രികളും ഇത് പിന്തുടരാൻ ജെഎൻ റേ ഹോസ്പിറ്റൽ ജീവനക്കാരനായ സുബ്രാൻഷു ഭക്ത് ആവശ്യപ്പെട്ടു. ഇന്ന് മുതൽ ഒരു ബംഗ്ലാദേശി രോഗിയെയും പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം ഇന്നലെ ചിറ്റഗോങ്ങില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്ൻ ഏരിയയിലെ ശാന്തനേശ്വരി മാത്രി ക്ഷേത്രം, ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ജനക്കൂട്ടം ആക്രമിച്ചത്. ഉച്ചക്ക് രണ്ടരയോടെ നൂറുകണക്കിന് ആളുകൾ മുദ്രാവാക്യം വിളിച്ച് ക്ഷേത്രങ്ങളിലേക്ക് എത്തുകയായിരുന്നുവെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ മേധാവി അബ്ദുൾ കരീം അറിയിച്ചു. ജുമാ നമസ്‌കാരത്തിന് ശേഷം മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളും ഇസ്‌കോൺ വിരുദ്ധ മുദ്രാവാക്യങ്ങളുമായിട്ടാണ് എത്തിയതെന്ന് ക്ഷേത്ര കമ്മറ്റി അംഗം തപൻ ദാസ് പറഞ്ഞു.

Also Read: ഹിന്ദുക്കളുടെ സുരക്ഷയിൽ മോദിക്ക് യുനൂസിൻ്റെ ഉറപ്പ്; പുരോഗമന ബംഗ്ലാദേശിന് പിന്തുണ ആവർത്തിച്ച് ഇന്ത്യ

ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) മുൻ അംഗവും ആത്മീയ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആക്രമണങ്ങൾ വ്യാപകമായത്. ചിൻമോയ് കൃഷ്ണ ദാസന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ ധാക്കയിലുംബംഗ്ലാദേശിൻ്റെ മറ്റ് ഭാഗങ്ങളിലും ഹിന്ദു സമൂഹത്തിൻ്റെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

Also Read: ബംഗ്ലാ കലാപത്തിന് പിന്നിൽ പാകിസ്താൻ; ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് മകൻ

ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഹിന്ദു സന്യാസിയുടെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അസിസ്റ്റന്റ്‌ പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു. ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് സർക്കാരിൻ്റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top