ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് വീണ്ടും മരണം; എച്ച്ഡിഎഫ്സിയിലെ സദഫ് ഫാത്തിമയുടെ മരണത്തിന് പിന്നിലും ജോലി സമ്മര്‍ദമെന്ന് ആരോപണം
അമിതജോലി ഭാരം കാരണം ഏണസ്റ്റ് യങ് ഇന്ത്യയിലെ (ഇവൈ) മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ചത് വിവാദമായിരിക്കെ ജോലി സ്ഥലത്ത് വീണ്ടും മരണം. എച്ച്‌ഡിഎഫ്‌സി ബാങ്കിലെ വനിതാ ജീവനക്കാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഈ മരണവും ജോലി സമ്മര്‍ദം കാരണമെന്ന ആക്ഷേപമാണ് ഉയരുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിലെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സദഫ് ഫാത്തിമയാണ് ജോലിക്കിടെ കസേരയില്‍ നിന്നും കുഴഞ്ഞുവീണ് മരിച്ചത്. ലക്നൗ ഗോമതി നഗറിലെ വിഭൂതിഗണ്ഡ് ശാഖയിലാണ് സദഫ് ജോലി ചെയ്തിരുന്നത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സദഫിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സദഫിന്റെ മരണത്തിന് പിന്നില്‍ ജോലി സമ്മര്‍ദമെന്ന ആക്ഷേപമാണ് സഹപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
സദഫിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത് എത്തിയിട്ടുണ്ട്. “സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ പറയുന്ന കേന്ദ്രമന്ത്രി യുവാക്കളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. ജോലി ചെയ്യുന്നവരുടെ അവസ്ഥ അടിമത്തൊഴിലാളികളെക്കാള്‍ മോശമാണ്. സംസാരിക്കാന്‍ പോലും അവകാശമില്ലാത്ത അവസ്ഥയാണ് തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് അല്ലാതെ അടിസ്ഥാനമില്ലാത്ത ഉപദേശങ്ങള്‍ നല്‍കുകയല്ല.” – അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു.
ജൂലായ് 20നാണ് അന്ന കുഴഞ്ഞുവീണ് മരിച്ചത്. ഇതിനുകാരണം അമിത ജോലിഭാരമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ അനിത സെബാസ്റ്റ്യൻ ഇവൈയുടെ മേധാവി രാജീവ് മേമാനിക്ക് അയച്ച കത്ത് വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
അതേസമയം അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പൂനെയിലെ ഏണസ്റ്റ് യങ് ഇന്ത്യയിലെ (ഇവൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. 2007 മുതല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 2024 ഫെബ്രുവരിയില്‍ മാത്രമാണ് രജിസ്ട്രേഷന് അപേക്ഷ നല്‍കിയത്. ഇത്ര കാലതാമസം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. അതുകൊണ്ട് തന്നെ ജോലിക്കാര്‍ക്ക് ഗുരുതരമായ പരുക്കോ മരണമോ സംഭവിക്കുകയാണെങ്കില്‍ ആറുമാസംവരെ തടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ രണ്ടുമോ ചുമത്താം. ഈ നിയമപ്രശ്നം അന്നയുടെ മരണത്തില്‍ ഇ.വൈ. നേരിടുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here