മാലിന്യനിർമാര്‍ജന പദ്ധതികൾ ആമ ഇഴയുന്ന മട്ടിൽ; ഖരമാലിന്യ പദ്ധതി എങ്ങുമെത്തിയില്ലെന്ന് സര്‍ക്കാരും

‘ഇപ്പോ ശരിയാക്കിത്തരാം’ എന്ന കുതിരവട്ടം പപ്പുവിൻ്റെ ഡയലോഗ് പോലാണ് സംസ്ഥാന സർക്കാരിന്‍റെ സമ്പൂർണ മാലിന്യമുക്ത കേരളം പദ്ധതി. വരുന്ന മാർച്ചിൽ കേരളം സമ്പൂർണ മാലിന്യമുക്തമാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വർഷം നാല് കഴിഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ച കേരള ഖരമാലിന്യ പരിപാലന പദ്ധതിയും എങ്ങുമെത്താതെ ഇഴയുന്നു. പദ്ധതികളും പ്രഖ്യാപനങ്ങളുമെല്ലാം ‘ആമയിഴഞ്ചാൻ’ മട്ടിലാണെന്ന് സർക്കാർ റിപ്പോർട്ട് തന്നെ സമ്മതിക്കുന്നു.

ലോകബാങ്കിൻ്റേയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിന്റേയും സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഖരമാലിന്യ പരിപാലന പരിപാലന പരിപാടി ഉദ്ദേശിച്ച പുരോഗതി കൈവരുത്താൻ കഴിഞ്ഞില്ലെന്ന് മെയ് 22ന് തദ്ദേശ സ്വയംഭരണ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ലോകബാങ്കിൻ്റെ സാങ്കേതിക – സാമ്പത്തിക – പാരിസ്ഥിതിക – സാമൂഹ്യ മാനദണ്ഡങ്ങൾ പാലിച്ചു നടപ്പാക്കാൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടിലെ തുറന്നുപറച്ചിൽ.

മാലിന്യ കൂമ്പാരങ്ങളുടെ നിർമാര്‍ജനത്തിന്നായി 20 നഗരങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിനായി 96 കോടി ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതി നടത്തിപ്പിനായി 30ലധികം കൺസൾട്ടൻസികളേയും മറ്റ് ഏജൻസികളേയും തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് മന്ത്രിയുടെ വകുപ്പ് അവകാശപ്പെടുന്നത്.

പദ്ധതി നടത്തിപ്പിന്‍റെ ഭാഗമായി ജീവനക്കാർക്ക് പരിശീലനം, പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ സോഷ്യല്‍ മീഡിയയില്‍ റീലുകളുണ്ടാക്കൽ ഇതൊക്കെയാണ് ഇതുവരെ ഖരമാലിന്യ നിർമാര്‍ജനവുമായി ബന്ധപ്പെട്ട് നടന്നതെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ കണക്കനുസരിച്ച് പ്രതിദിനം സംസ്ഥാനത്ത് ഇല്ലാതാക്കേണ്ടത് 12005 ടൺ മാലിന്യമാണ്. നാട്ടുകാർ പൊതു ഇടങ്ങളിലും മറ്റും വലിച്ചെറിയുന്നതും കണക്കിൽപ്പെടാത്തവയുമായ മാലിന്യങ്ങളും ചേർത്താൽ ദിവസവും 15000 ടണ്ണിലധികം മാലിന്യങ്ങൾ നീക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഇതിൽ 80 ശതമാനവും പ്ലാസ്റ്റിക്കാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top