രണ്ടാം അട്ടിമറിയുമായി ഓറഞ്ച് പട; കരുത്തരുടെ പോരാട്ടത്തിൽ ജയിച്ച് കയറി ഓസീസ്

കൊൽക്കത്ത/ ധർമ്മശാല: ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും അട്ടിമറി. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 87 റൺസിന് തകർത്താണ് നെതർലൻഡ്സ് ഈ ലോകകപ്പിലെ തങ്ങളുടെ രണ്ടാം അട്ടിമറി വിജയം സ്വന്തമാക്കിയത്. നേരത്തെ കരുത്തരായ ദക്ഷിണാഫ്രിക്കയെ 38 റണ്‍സിന് ഓറഞ്ച് പട മുട്ടുകുത്തിച്ചിരുന്നു. 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ 42.2 ഓവറിൽ 142 റൺസിന് ഡച്ച് ബോളിംഗ് നിര എറിഞ്ഞിട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ പോൾ വാൻ മീകരൻ ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിക്കുകയായിരുന്നു.ബാസ് ഡി ലീഡ രണ്ട് വിക്കറ്റും സ്വന്തമാക്കി.

40 പന്തിൽ നിന്ന് 35 റൺസെടുത്ത മെഹിദി ഹസൻ മിറാസാണ് ബംഗ്ലാ നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. മഹ്മദുള്ള (20), പത്താമനായ മുസ്തഫിസുർ റഹ്മാൻ (20) എന്നിവരാണ് പിന്നീട് അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തിയത്. .

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലൻഡ്സ് 229 റൺസിന് എല്ലാവരും. 89 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 68 റൺസെടുത്ത ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സാണ് ഡച്ച് ടീമിന്റെ ടോപ് സ്കോറർ. ബംഗ്ലാദേശിനായി ഷോരിഫുൾ ഇസ്ലാം, ടസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, മെഹ്ദി ഹസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

ധർമ്മശാലയിൽ നടന്ന ക്രിക്കറ്റിലെ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലാൻഡിനെ 5 വിക്കറ്റിന് ഓസ്ട്രേലിയ പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത ഓസീസ് 49.2 ഓവറിൽ 388 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡിന് 9 വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ട് ടീമും 300ന് മുകളില്‍ സ്‌കോര്‍ നേടുന്നത് ഇതാദ്യമായാണ്. ഈ ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഓസിസ് സ്കോർ 350 കടക്കുന്നത്.നേരത്തേ ബെംഗളൂരുവില്‍ പാകിസ്താനെതിരേ 367 റണ്‍സും ന്യൂഡല്‍ഹിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ 399 റണ്‍സും ഓസീസ് നേടിയിരുന്നു. ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരായ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് പിറന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇറങ്ങിയ ഓസീസിന് ട്രാവിസ് ഹെഡിൻ്റെ സെഞ്ച്വറിയാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ ഹെഡ് 67 പന്തുകളിൽനിന്ന് 109 റൺസാണ് നേടിയത്.ഡേവിഡ് വാർണർ 65 പന്തിൽ 81 റൺസ് നേടി. ഗ്ലെൻ മാക്‌സ്‌വെൽ (24 പന്തിൽ 41), ജോഷ് ഇംഗ്ലിസ് (28 പന്തിൽ 38), പാറ്റ് കമ്മിൻസ് (14 പന്തിൽ 37), മിച്ചൽ മാർഷ് (51 പന്തിൽ 36), സ്റ്റീവ് സ്മിത്ത് (17 പന്തിൽ 18), മാർണസ് ലബുഷെയ്ൻ (26 പന്തിൽ 18) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ സ്കോറുകൾ.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിനെ രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറിക്കും രക്ഷിക്കാനായില്ല. 89 പന്തിൽ 116 റൺസാണ് താരം നേടിയത്.
ഏഴാമനായിറങ്ങിയ ജെയിംസ് നീഷം 39 പന്തിൽ 58 റൺസ് നേടി. എന്നാൽ കളി തീരാൻ ഒരു പന്തുശേഷിക്കേ നീഷം റണ്ണൗട്ടായതാണ് കിവീസിന് തിരിച്ചടിയായത്. ഡാരൻ മിച്ചൽ 51 പന്തിൽ 54 റൺസും സ്വന്തമാക്കി. ഓസീസിനായി ആദം സാംബ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സൽവുഡ്, പാറ്റ് കമിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ഗ്ലെൻ മാക്‌സ്‌വെൽ ഒരു വിക്കറ്റും നേടി. മത്സരത്തിൽ തോറ്റെങ്കിലും ന്യൂസീലൻഡ് പോയിൻറ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയ നാലാം സ്ഥാനത്താണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top