ഏകദിന ലോകകപ്പ്: ഇന്ത്യ–പാക്കിസ്ഥാന്‍ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതിയില്‍ മാറ്റം. ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം 14-ാം തിയതി നടക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പിലെ മറ്റ് ചില മത്സരങ്ങളുടെ തിയതിയും മാറും. പുതുക്കിയ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും എന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബർ 15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജൻസികൾ റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

സമയക്രമം പുനഃപരിശോധിക്കാൻ ജൂലൈ 27ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്നു ചൂണ്ടിക്കാട്ടി ചില ടീമുകൾ സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടതായി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സമയക്രമം അനുസരിച്ച് ഒക്ടോബർ 14ന് രണ്ട് മത്സരങ്ങൾ നിശ്ചയിട്ടുണ്ട്. ന്യൂസീലൻഡ്–ബംഗ്ലദേശ് മത്സരവും ഇംഗ്ലണ്ട്–അഫ്ഗാനിസ്ഥാൻ മത്സരവും 14നാണ്. മത്സരങ്ങളുടെ സമയക്രമത്തിൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളൂ എന്നും വേദി മാറ്റില്ലെന്നും ജയ് ഷാ പ്രതികരിച്ചു.

ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് പത്താം തിയതി ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമാകും എന്നാണ് പ്രതീക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top