‘നമ്മൾ സന്തുഷ്ടരല്ല’; ഹാപ്പിനസ് സൂചികയിൽ ഇന്ത്യ അവസാന പതിനഞ്ചില്‍, ഒന്നാമത് ഫിൻലൻഡ് തന്നെ

ഡൽഹി: ഈ വർഷത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പുറത്തു വരുമ്പോൾ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന സ്ഥാനം ഫിൻലൻഡ് നിലനിർത്തി. 7.804 ആണ് ഫിൻലന്‍ഡിന്റെ സ്കോർ. 137 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം പക്ഷേ 126 ആണ്. 4.036 ആണ് ഇന്ത്യയുടെ സ്കോര്‍. റിപ്പോർട്ട് പ്രകാരം ഇന്ത്യയേക്കാൾ സന്തോഷം അയല്‍ രാജ്യങ്ങളായ ചൈന, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ജനങ്ങൾക്കുണ്ട്. ചൈന 64ാ൦ സ്ഥാനത്തെത്തിയപ്പോള്‍ നേപ്പാള്‍ 78ലും, ബംഗ്ലാദേശ് 118ലും എത്തി.
ആരോഗ്യം, സമ്പദ് വ്യവസ്ഥ, സാമൂഹിക പരിസ്ഥിതി, കുടുംബക്ഷേമം തുടങ്ങി 14ഓളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് പുറത്തിറക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ മാനസികാരോഗ്യവും ക്ഷേമവും കുറഞ്ഞുവരുന്നതായാണ് വിലയിരുത്തൽ. 2015ൽ 117 ആയിരുന്ന ഇന്ത്യയാണ് എട്ടു വർഷം പിന്നിടുമ്പോൾ 126ലേക്ക് പിന്തള്ളപ്പെട്ടത്. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ അവസാനം. നോർഡിക് രാജ്യങ്ങളാണ് സന്തോഷത്തിൽ മുന്നിൽ. ഫിൻലൻഡിന് പിന്നിൽ ഡെൻമാർക്കും ഐസ് ലാൻഡുമാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇസ്രയേൽ പട്ടികയിൽ നാലാം സ്ഥാനം പിടിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here