ലോകത്തേറ്റവും ഉയരമേറിയ അംബേദ്കർ പ്രതിമ ആന്ധ്രപ്രദേശിൽ; അനാഛാദനം വൈകിട്ട്
വിജയവാഡ: ഭരണഘടനയുടെ ശിൽപിക്ക് രാജ്യത്ത് മറ്റൊരു പ്രതിമ നിര്‍മ്മിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ‘സാമൂഹ്യ നീതിയുടെ പ്രതിമ’ എന്ന പേരിലുള്ള അംബേദ്‌കര്‍ പ്രതിമ ഇന്ന് വൈകിട്ട് അനാച്ഛാദനം ചെയ്യും. ഇതോടെ ലോകത്തെ അംബേദ്‌കര്‍ പ്രതിമകളില്‍ ഏറ്റവും ഉയരമേറിയതാകും ഇത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 50 പ്രതിമകളുടെ ഗണത്തിലും ഇത് ഉള്‍പെടും. പ്രതിമ ആന്ധ്രപ്രദേശിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി എക്സില്‍ കുറിച്ചു.
206 അടി ഉയരത്തിലാണ് പ്രതിമ പണിതിരിക്കുന്നത്. അയല്‍സംസ്ഥാനമായ തെലങ്കാനയിലെ 175 അടി ഉയരമുള്ള അംബേദ്കർ പ്രതിമ ഇനി ലോകത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്‌കര്‍ പ്രതിമകളില്‍ രണ്ടാമത്തേതാകും.
വിജയവാഡയിലെ സ്വരാജ് മൈതാനത്ത് 400 ടൺ ഉരുക്കില്‍ 404.35 കോടി ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 18.81 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച പ്രതിമയോടൊപ്പം അംബേദ്കറുടെ ജീവിതം പ്രദർശിപ്പിക്കാൻ എൽഇഡി സ്ക്രീനുകള്‍, 2,000 ഇരിപ്പിടങ്ങളുള്ള കൺവെൻഷൻ സെന്റർ, 8,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫുഡ് കോർട്ട്, പാര്‍ക്ക് എന്നിവയും നിർമ്മിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അമേരിക്കയിലെ മേരിലാൻഡിൽ ഇന്ത്യക്ക് പുറത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ‘സമത്വത്തിന്റെ പ്രതിമ’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിമക്ക് 19 അടിയാണ് ഉയരം. ഏകദേശം ഇരുപതോളം രാജ്യങ്ങളില്‍ നിലവില്‍ അംബേദ്കർ പ്രതിമകള്‍ ഉണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here